jose

കോട്ടയം: ചിഹ്നമായി രണ്ടില കിട്ടിയതോടെ വോട്ടെടുപ്പിന് മുമ്പേ വിജയിച്ച ആത്മവിശ്വാസത്തിലാണ് ജോസ് വിഭാഗം. ജോസഫിനാകട്ടെ സ്വതന്ത്ര ചിഹ്നമായ ചെണ്ട ഉപയോഗിക്കേണ്ടിയുംവരും.

ഹൈക്കോടതി വിധിക്കെതിരെ തിങ്കളാഴ്ച ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്. ജോസ് വിഭാഗം സ്ഥാനാർത്ഥികൾ രണ്ടില ചിഹ്നം വച്ച് പോസ്റ്ററും ബാനറും ഫ്ലക്സും ചുവരെഴുത്തും നടത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഹൈക്കോടതി വിധിക്കെതിരെ റിവിഷൻ ഹർജി നൽകുകയോ സുപ്രീം കോടതിയെ സമീപിക്കുകയോ ആണ് ജോസഫിന്റെ മുന്നിലുള്ള സാദ്ധ്യതയെങ്കിലും ഭരണഘടനാ സ്ഥാപനമായ കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ ഉത്തരവിനെതിരെ സ്റ്റേ ലഭിക്കാൻ സാദ്ധ്യത കുറവാണ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേരളകോൺഗ്രസിന്റെ അഭിമാന ചിഹ്നമായ രണ്ടില അനുവദിച്ചുള്ള വിധി കൂടുതൽ ആത്മവിശ്വാസം പകർന്നതായി ജോസ് കെ. മാണി പ്രതികരിച്ചു. യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ചിഹ്നം തിരിച്ചു കിട്ടിയത് ഇടതു മുന്നണിയുടെ കൂടി ശക്തി വർദ്ധിപ്പിക്കും.

രണ്ടില ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചതോടെ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസമായ 23നുള്ളിൽ സ്ഥാനാർത്ഥികൾ അപേക്ഷ നൽകിയാൽ മതി എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം അപേക്ഷ നൽകണമെന്ന നിബന്ധന ആയിരുന്നെങ്കിൽ രണ്ടില ചിഹ്നം ഉപയോഗിക്കാൻ കഴിയാതെ വന്നേനെ.

താൽക്കാലികമായി അനുവദിച്ച ടേബിൾ ഫാൻ ചിഹ്നം വച്ച് പോസ്റ്ററടിക്കരുതെന്ന് സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി മറി കടന്ന് രണ്ടില മരവിപ്പിച്ചുള്ള ഹൈക്കോടതി വിധി ഉണ്ടാകില്ലെന്ന ആത്മ വിശ്വാസത്തിലായിരുന്നു ജോസ് .

ജോസഫിനും മോൻസിനും അയോഗ്യത‌‌?

ഇടതു മുന്നണിക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിൽ ജോസ് വിഭാഗം നൽകിയ വിപ്പു ലംഘിച്ചതിനെതിരെ പി.ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർക്കെതിരെ റോഷി അഗസ്റ്റിൻ നൽകിയ അയോഗ്യതാ പരാതികളിൽ ഈയാഴ്ച നിയമസഭാ സ്പീക്കർ തീരുമാനമെടുത്തേക്കും. ഹൈക്കോടതി വിധി പ്രകാരം ഔദ്യോഗിക പാർട്ടി ജോസ് വിഭാഗത്തിന്റേതായതോടെ റോഷി അഗസ്റ്റിന്റെ വിപ്പ് തന്നെയാകും ബാധകമെന്നാകും സ്പീക്കർക്ക് വിധിക്കാൻ കഴിയുക. എങ്കിൽ ജോസഫും മോൻസും അയോഗ്യരാകും. തദ്ദേശ തിരഞ്ഞെടുപ്പിന് നടുവിൽ യു.ഡി.എഫിനെയും ഇത് പ്രതിരോധത്തിലാക്കും.


.