വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് കൊടിയേറി.
തന്ത്റി ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ,കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി , ആഴാട് ഉമേഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻ ഓമല്ലൂർ മണികണ്ഠനും അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ഡെപ്യൂട്ടി കമ്മിഷണർ എസ്. ജ്യോതികുമാർ ദീപ പ്രകാശനം നടത്തി. അസി. കമ്മീഷണർ വി.കൃഷ്ണകുമാർ , വൈക്കം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കെ.ആർ.ബിജു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി. പ്രസിദ്ധമായ തൃക്കാർത്തിക 29 നാണ്. 30 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
തെക്കും ചേരിമേൽ വടക്കും ചേരിമേൽ എഴുന്നളളിപ്പ്, ആറാട്ട് എഴുന്നളളിപ്പ് എന്നിവ നടക്കുന്ന അവസരത്തിൽ വഴിയോരങ്ങളിൽ വയ്ക്കുന്ന നെൽപ്പറ എടുക്കില്ലെന്നും നിറപറ വയ്ക്കാൻ കൊടിമരച്ചുവട്ടിൽ ക്രമീകരണം ചെയ്തിട്ടുണ്ടെന്നും സബ് ഗ്രൂപ്പ് ഓഫിസർ വിജയകുമാർ അറിയിച്ചു. ഭക്തർ കിഴക്കേ ഗോപുരം വഴിയാണ് ക്ഷേത്രത്തിൽ പ്രവേശിക്കണ്ടത്. എഴുന്നള്ളിളിപ്പ് സമയത്ത് ദർശനം ഉണ്ടാവില്ല. കൊവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകളായി ഉത്സവം നടത്തുന്നതിനാൽ കലാപരിപാടികളും ഉണ്ടായിരിക്കില്ല. കൊടിയേറ്റിന് ശേഷം ആദ്യ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു.