പൊൻകുന്നം: ഗ്രഹണസമയത്ത് ഞാഞൂലും തലപൊക്കും എന്നു പറഞ്ഞതുപോലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പൊങ്ങിവരുന്നത്. ആർക്കും സ്ഥാനാർത്ഥിയാകാം. അങ്ങനെ കർഷകനായ ചന്ദ്രനും സ്ഥാനാർത്ഥിയായി. ആവശ്യത്തിന് സ്വത്ത്, കൃഷിയിൽനിന്നും ഭേദപ്പെട്ട വരുമാനം. ഇതൊക്കെയുണ്ടായിട്ടും നാട്ടിൽ ഒരു പേരില്ലെന്നതായിരുന്നു ചന്ദ്രന്റെ ദു:ഖം.
അതിനു പരിഹാരമായി സുഹൃത്തുക്കൾ ഉപദേശിച്ചതനുസരിച്ചാണ് ചന്ദ്രൻ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായത് .പണം എത്ര വേണമെങ്കിലും മുടക്കാം. നാട്ടിൽ നാലാൾ അറിയുന്ന ഒരു പഞ്ചായത്ത് മെമ്പറാകണം. കടുവയാണ് ചിഹ്നം. അതറിഞ്ഞപ്പോൾ ചന്ദ്രന് കൂടുതൽ സന്തോഷം. എതിരാളിയുടെ ചിഹ്നം ആനയാണെങ്കിൽ പോലും അരക്കൈ നോക്കാമെന്നൊരു ധൈര്യം. നമ്മുടെ സ്ഥാനാർത്ഥി ചന്ദ്രൻ, നമ്മുടെ ചിഹ്നം കടുവ. ചുവരെഴുത്തും പോസ്റ്ററുമായി ചന്ദ്രൻ നാടു നിറഞ്ഞു.
പണം ഒരുപാട് ചെലവാക്കി പക്ഷേ ഫലം വന്നപ്പോൾ ചന്ദ്രൻ പൊട്ടി. മോശം പറയരുതല്ലോ ഇലക്ഷൻ കഴിഞ്ഞപ്പോൾ ചന്ദ്രന് നാട്ടിൽ ഒരു പേരായി കടുവാ ചന്ദ്രൻ.
ദാ കടുവ വരുന്നു, ദേ കടുവ പോകുന്നു. എങ്ങോട്ടാ..ആ കടുവാ ചന്ദ്രന്റെ വീടുവരെ. ഇന്നെവിടാ പണി. ഇന്ന് കടുവാക്കൂട്ടിലാ. ഇങ്ങനെയൊക്കെയാണ് ചന്ദ്രനെക്കുറിച്ച് നാട്ടുകാർ പറയുന്നത്.
ചുമ്മാ ഇരുന്ന വായിൽ ചുണ്ണാമ്പ് തേച്ചപോലായി. വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടതുപോലായി, വിനാശകാലേ വിപരീതബുദ്ധി, വെളുക്കാൻ തേച്ചത് പാണ്ടായി. ചന്ദ്രനെക്കാണുമ്പോൾ നാട്ടുകാരു പറയുന്ന പഴമൊഴികളാണിതൊക്കെ.
അങ്ങനെ കടുവാ ചന്ദ്രൻ എന്ന പേരുമായി അഞ്ചുവർഷം കഴിച്ചുകൂട്ടി. പിന്നേം വന്നു പഞ്ചായത്തുതിരഞ്ഞെടുപ്പ്. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കാനായിരുന്നു ചന്ദ്രന്റെ തീരുമാനം. വീണ്ടും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തോറ്റാലും വേണ്ടില്ല കടുവ എന്ന പേര് ഇതോടെ തീരണം.
പുതിയ ചിഹ്നം വരും ഇനി അതാകും ചന്ദ്രന്റെ പേര്. പുഷ്പം, സൂര്യൻ ഇതിലേതെങ്കിലുമാണ് ചന്ദ്രൻ ആവശ്യപ്പെട്ട ചിഹ്നം. പക്ഷേ രോഗി ഇച്ഛിച്ചതല്ല വൈദ്യൻ കല്പിച്ചത്. ചന്ദ്രന് അനുവദിച്ചുകിട്ടിയ ചിഹ്നം കോടാലി. അതോടെ ചന്ദ്രൻ മത്സരരംഗത്തുനിന്ന് പിന്മാറി.