കൊടുങ്ങൂർ : ആരെ കൊള്ളണം ആരെ തള്ളണം. വാഴൂർ ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ വോട്ടർമാരെ കുഴയ്ക്കുന്ന ചോദ്യമാണിത്. മൂന്നുമുന്നണികളുടെ സ്ഥാനാർത്ഥികളാണ് ഇവിടെ ഏറ്റുമുട്ടുന്ന പ്രമുഖർ. മൂന്നുപേരും നാട്ടുകാർക്ക് വേണ്ടപ്പെട്ടവർ. പൊതുരംഗത്ത് തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചവർ. എൽ.ഡി.എഫിലെ പ്രൊഫ.എസ്. പുഷ്‌ക്കലാദേവി, യു.ഡി.എഫിലെ പി.കെ.രവീന്ദ്രൻനായർ ,എൻ.ഡി.എയിലെ വി.എൻ.മനോജ് എന്നിവരാണ് സ്ഥാനാർത്ഥികൾ. മൂന്നുപേരും ഗ്രാമപഞ്ചായത്തിലെ മുൻ അംഗങ്ങളാണ്.
പ്രൊഫ.എസ് പുഷ്‌ക്കലാദേവി
2010ലാണ് ആദ്യം മെമ്പറാകുന്നത്. ഉയർന്ന പദവിയിൽ നിന്ന് വിരമിച്ച് താഴെത്തട്ടിലെ ജനങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 2015 ൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി. എസ്.വി.ആർ.എൻ.എസ് കോളേജ് അദ്ധ്യാപിക എന്ന നിലയിൽ ശിഷ്യരുമായിട്ടുള്ള ആത്മബന്ധം. പ്രസിഡന്റ് എന്ന നിലയിൽ കാഴ്ചവച്ച മികച്ച പ്രകടനം. സൗമ്യതയുടെ ആൾരൂപം.
പി.കെ.രവീന്ദ്രൻനായർ
2010 മുതൽ 15 വരെ ഒരുതവണമാത്രം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നിട്ടുള്ള രവീന്ദ്രൻനായർ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയപ്പെട്ട മെമ്പറായി മാറി. മികച്ച ഒരു കർഷകൻകൂടിയായ രവീന്ദ്രൻ അഞ്ചുവർഷംകൊണ്ട് അടിസ്ഥാനസൗകര്യങ്ങളടക്കമുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയാണ് ജനപ്രീതിനേടിയത്.
വി.എൻ.മനോജ്
മൂന്നാം തവണയാണ് ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്നത്.പഞ്ചായത്ത് അംഗം എന്നതിനപ്പുറം ഒരു പൊതു പ്രവർത്തകൻ എന്ന നിലയിലും എന്നും ജനങ്ങൾക്കൊപ്പം എന്ന് തെളിയിച്ച വ്യക്തിത്വം.ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അതു പരിഹരിക്കുന്നതിനായി അർപ്പബോധത്തോടെയുള്ള പ്രവർത്തനത്തിലൂടെ ജനവിശ്വാസം ആർജ്ജിച്ച നേതാവ്.