കോട്ടയം: എത്ര കഷ്ടപ്പെട്ടാലും കുറിച്ചിയുടെ കൂറ് നേടുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് മുന്നണികൾ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെയാണ് ഇടതു പക്ഷത്തിന്റെ കോട്ടകൊത്തളങ്ങൾ തകർത്ത് കുറിച്ചിയുടെ മനസ് പൂർണമായും വലത്തോട്ട് ചാഞ്ഞത്. ഇക്കുറി ഡിവിഷൻ നിലനിറുത്താൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ പിടിച്ചടക്കുകയെന്ന ലക്ഷ്യത്തിലാണ് എൽ.ഡി.എഫും ബി.ജെ.പിയും.
യുവത്വത്തിന്റെ പ്രസരിപ്പോടെ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റും മികച്ച സംഘാടകനുമായ പി.കെ.വൈശാഖിനെ കുറിച്ചിയിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നതിലൂടെ പരമ്പരാഗത വോട്ടുകൾക്ക് പുറമേ ന്യൂജൻ വോട്ടുകളും നേടി ആധിപത്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം.രാധാകൃഷ്ണനെ സി.പി.എം കളത്തിലിറക്കുമ്പോൾ മുൻപ് വിഭജിച്ചുപോയ സി.പി.എം വോട്ടുകൾ അക്കൗണ്ടിലെത്തിക്കാനാകുമെന്നും കണക്ക് കൂട്ടുന്നു. സംസ്ഥാന സമിതി അംഗം കെ.ജി.രാജ്മോഹനിലൂടെ താമര വിരിയിക്കാമെന്ന് ബി.ജെ.പി കരുതുമ്പോൾ കുറിച്ചി ത്രികോണപ്പോരിനാണ് വഴിയൊരുക്കുന്നത്.
യു. ഡി.എഫ്
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നോമിനിയായി മത്സരിക്കുന്ന വൈശാഖ് ചാന്നാനിക്കാട് പി.ജി.ആർ.എം എസ്.എൻ കോളേജിലെ ബി.കോം വിദ്യാഭ്യാസ കാലത്താണ് കെ.എസ്.യു രാഷ്ട്രീയത്തിൽ സജീവമാകുന്നത്. ഇതേ കോളേജിൽ നിന്നു തന്നെ എം.കോം പൂർത്തിയാക്കിയ വൈശാഖ് കോളേജ് മാഗസിൻ എഡിറ്ററായും, യൂണിയൻ കൗൺസിലറായും, യൂണിവേഴ്‌സിറ്റി യൂണിയൻ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായും, കോളേജ് യൂണിയൻ ചെയർമാനായും, കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗക്കാരനായ വൈശാഖിനെ ആ നിലയ്ക്കും വോട്ടർമാർ തുണയ്ക്കുമെന്ന വിശ്വാസമുണ്ട്.
എൽ. ഡി.എഫ്
കുറിച്ചി പഞ്ചായത്തിൽ നിർണായക സ്വാധീനമുള്ള സി.പി.എമ്മിന് ഇക്കുറി ഇവിടം ബാലികേറാ മലയാകില്ലെന്ന വിശ്വാസമാണുള്ളത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ട്രഷറർ എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള രാധാകൃഷ്ണൻ 14 വർഷം സി.പി.എം പുതുപ്പള്ളി ഏരിയാ സെക്രട്ടറിയുമായിരുന്നു. 12 വർഷം പാമ്പാടി പഞ്ചായത്ത് അംഗമായിരുന്നു. രാധാകൃഷ്ണന് ഡിവിഷനിലുള്ള വിപുലമായ ബന്ധവും മുൻവർഷങ്ങളിലുണ്ടായിരുന്ന വിഭാഗീയത പരിഹരിക്കാനായതും തുണയ്ക്കുമെന്ന് സി.പി.എം അവകാശപ്പെടുന്നു.
എൻ.ഡി.എ
കുറിച്ചി പഴയ കുറിച്ചിയല്ലെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം. നിലവിലെ സാഹചര്യത്തിൽ മാറ്റത്തിന്റെ കാറ്റുവീശുമെന്നാണ് ബി.ജെ.പി കരുതുന്നത്. ബി.ജെ.പിയുടെ മുൻ ജില്ലാ പ്രസിഡന്റായിരുന്ന കെ.ജി.രാജ്മോഹന് വിപുലമായ വ്യക്തി ബന്ധവുമുണ്ട്. ബി.ഡി.ജെ.എസിന് വേരോട്ടമുള്ള കുറിച്ചിയിൽ ആനിലയിലുള്ള വോട്ടുകളും തുണയ്ക്കുമെന്ന് ബി.ജെ.പി കണക്കാക്കുന്നു.
കുറിച്ചി ഡിവിഷൻ
കുറിച്ചി, പനച്ചിക്കാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ വാർഡുകൾ .
നിർണായകം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുവരെ ഇടതുപക്ഷത്തിന്റെ കോട്ട
കുത്തക തകർത്ത് യു. ഡി.എഫ്. കഴിഞ്ഞ തവണ ജയിച്ചു.
യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് യുവസ്ഥാനാർത്ഥിയെ