അടിമാലി: ചിരിക്കേറ്റവും പ്രാധാന്യമുള്ള സമയമാണ് തിരഞ്ഞെടുപ്പ് കാലം. നേർക്കുനേർ കണ്ടാൽ പോലും ചിരിക്കാത്തവരുടെ മുഖത്ത് നോക്കി വെളുക്കെ ചിരിക്കാൻ സ്ഥാനാർത്ഥികൾ പഠിച്ചിരിക്കണം. പക്ഷേ, ഇത്തവണ കൊവിഡ് ചതിച്ചതോടെ സ്ഥാനാർത്ഥികൾക്ക് ചിരിക്കാൻ യാതൊരു മാർഗവുമില്ല. എത്ര മനോഹരമായി ചിരിച്ചാലും ചിരി മാസ്‌കിനുള്ളിൽ ഒതുങ്ങും. വോട്ടറെ ചിരിച്ച് വീഴ്ത്താൻ ഇത്തവണ നിർവാഹമില്ല. പോസ്റ്ററുകളിലും ബാനറുകളിലുമെല്ലാം ചിരിച്ചിരിക്കുന്ന സ്ഥാനാർത്ഥിയുടെ മുഴുവൻ മുഖം നേരിട്ട് വോട്ടറെ കാണിക്കാൻ ഒരു മാർഗവുമില്ല. പാതി മുഖം മാസ്‌ക്കെടുത്തു. ആലിംഗനവും ഹസ്തദാനവും കൂപ്പുകൈക്ക് വഴിമാറി. മുറ്റത്തു നിന്ന് വരാന്തയിലേക്കെങ്ങാൻ സ്ഥാനാർത്ഥികളോ പ്രവർത്തകരോ കാലെടുത്ത് വച്ചാൽ വോട്ടരുടെ നെറ്റി ചുളിയും. നേർക്കു നേർ നിന്ന് ഇത്തവണ സ്ഥാനാർത്ഥികൾക്ക് വോട്ടുചോദിക്കാൻ അവസരമില്ല. വോട്ടുറപ്പിക്കാനുള്ള പരമ്പരാഗത പ്രചാരണ രീതികൾ ആകെ മാറി. വേഗതയേറിയ നവമാധ്യമങ്ങളിലാണ് കൂട്ടലും കിഴിക്കലും നടക്കുന്നത്. മാസ്‌ക് തീർത്ത വെല്ലുവിളി മറികടന്ന് കൊവിഡ് കാലത്ത് ന്യൂജൻ പ്രചാരണ രീതി പയറ്റി വേണം സ്ഥാനാർത്ഥികൾക്ക് പത്ത് വോട്ടു പിടിക്കാൻ. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവർക്കും ഒരു 'മാസ്‌കിയൻ' ചിന്താഗതിയാണ്.