പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണിയിലെ വിമതശല്യം തീർക്കാൻ ഉന്നതനേതാക്കൾ ഇടപെടുന്നു. 11-ാം വാർഡിലാണ് മുന്നണിക്ക് തലവേദനയായ വിമതശല്യം. ഇവിടെ യൂത്ത്ഫ്രണ്ട്(എം) ജോസ് വിഭാഗത്തിന്റെ നിയോജക മണ്ഡലം പ്രസിഡന്റ് ലാജി തോമസ് മാടത്താനിക്കുന്നേൽ സ്വതന്ത്രനായി മത്സരിക്കുന്നതാണ് പ്രധാന പ്രശ്‌നം. ചിറക്കടവ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്ന ലാജിയെ ജോസ് വിഭാഗം മുന്നണി മാറിയതോടെ യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. മുന്നണി മാറ്റത്തിന്റെ പേരിൽ ബലിയാടായ തനിക്ക് അർഹമായ പരിഗണന പാർട്ടിയോ മുന്നണയോ നൽകിയില്ലെന്ന പരാതിയുമായാണ് മത്സരരംഗത്തിറങ്ങിയത്. തന്റെ വീടുൾപ്പെടുന്ന വാർഡിൽ സീറ്റ് പ്രതീക്ഷിച്ചെങ്കിലും സി.പി.ഐക്കാണ് നൽകിയത്. പകരം ബ്ലോക്ക് ഡിവിഷൻ ലഭിക്കുമെന്ന് പ്രതീക്ഷ പുലർത്തിയെങ്കിലും മുൻപഞ്ചായത്തംഗം ഷാജി പാമ്പൂരിക്കാണ് കേരള കോൺഗ്രസ് ഈസീറ്റ് നൽകിയത്. ഇതോടെ വാർഡിൽ മത്സരിക്കാനിറങ്ങിയതാണ് ലാജി. ഇവിടെ സി.പി.ഐക്കെതിരെ സി.പി.ഐ.യുടെ മുൻ ബ്രാഞ്ച് സെക്രട്ടറിയും പത്രിക നൽകിയിട്ടുണ്ട്. മുന്നണിയിൽ രണ്ടുവിമതരുടെ ശല്യം ജയസാധ്യതയെ ബാധിക്കുമെന്ന ഭീതിയിൽ നേതാക്കളെ ഇടപെടുവിച്ച് പരിഹാരത്തിനാണ് ശ്രമം തുടങ്ങിയത്. കേരള കോൺഗ്രസിലെ അതൃപ്തി പരിഹരിക്കാൻ ഡോ.എൻ.ജയരാജ് എം.എൽ.എ, ജോസ് കെ.മാണി എം.പി എന്നിവർ ഇടപെട്ടെങ്കിലും പരിഹാരമായിട്ടില്ല. ലാജിയുടെ സ്ഥാനാർഥിത്വം ബ്ലോക്ക് ഡിവിഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയ്ക്ക് ലഭിക്കുന്ന വോട്ടുകളിലും കുറവ് വരുത്തുമെന്ന കണക്കുകൂട്ടലുണ്ട്. അടുത്തഘട്ടത്തിൽ അർഹമായ പരിഗണന നൽകാമെന്ന വാഗ്ദാനം വിമതർ അംഗീകരിക്കുന്നില്ല.