കട്ടപ്പന: സീറ്റ് വിഭജനം കല്ലുകടിയായതോടെ പല പഞ്ചായത്തുകളിലും വിമതർ പത്രികകൾ നൽകിയത് ഇടതു വലതു മുന്നണികൾക്ക് തലവേദനയാകുന്നു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയൽ വാർഡിൽ സി.പി.എമ്മിന്റെ മുൻ പഞ്ചായത്തംഗം ജോഷി ജോർജ് വിമതനായി പത്രിക നൽകി. മുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തിനു സീറ്റ് നൽകിയതോടെയാണ് റിബലായി മത്സരിക്കാൻ തീരുമാനിച്ചത്. പീരുമേട് പഞ്ചായത്തിലെ കല്ലാർ വാർഡിൽ പട്ടികജാതി ക്ഷേമ സമിതി ഏരിയ സെക്രട്ടറി എ.കെ. പുരുഷോത്തമനും വിമതനായി പത്രി നൽകിയിട്ടുണ്ട്. സംവരണ വാർഡായ കല്ലാറിൽ സീറ്റ് നിഷേധിച്ചതാണ് കാരണം. പുരുഷോത്തമനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം അറിയിച്ചിട്ടുണ്ട്.
കരുണാപുരം പഞ്ചായത്തിൽ വാർഡ് കമ്മിറ്റിയുടെ തീരുമാനം മറികടന്ന് സ്ഥാനാർത്ഥിത്വം സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റി രാജിവച്ചു. വാർഡിൽ ഇറക്കുമതി സ്ഥാനാർത്ഥി ഉണ്ടാകരുതെന്നും ഘടകകക്ഷികൾക്ക് നൽകരുതെന്നും വാർഡ് കമ്മിറ്റി നിർദേശിച്ചിരുന്നു. എന്നാൽ സീറ്റ് കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനു നൽകാൻ മുന്നണിയിൽ ചർച്ചയുണ്ടായി. ഇതിനു പിന്നാലെ മറ്റൊരു കോൺഗ്രസ് നേതാവും സീറ്റിനായി അവകാശവാദം ഉന്നയിച്ചതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിനു വിടുകയായിരുന്നു. വാർഡ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചതോടെയാണ് പ്രസിഡന്റ് വി.എസ്. എബ്രഹാമിന്റെ നേതൃത്വത്തിൽ 60 പേർ രാജിവച്ചത്.
സി.പി.ഐയുടെ അച്ചടക്ക നടപടിക്കു വിധേയനായ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭാര്യ കരുണാപുരം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ വിമതയായി മത്സരിക്കാനൊരുങ്ങുകയാണ്. മുമ്പ് ഒൻപതാം വാർഡിൽ പാർട്ടി നിർദേശപ്രകാരം മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ സ്വന്തം വാർഡിൽ മത്സരിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ചാണ് റിബലായി ജനവിധി തേടുന്നത്.
അനുനയ നീക്കം ശക്തം
തൊടുപുഴ: നാളെയാണ് അവസാന തീയതി, അതിന് മുമ്പ് എങ്ങനെയും പിൻവലിക്കണം. പത്രിക പിൻവലിപ്പിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കേ അവരെ എങ്ങിനെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലയിലെ രാഷ്ട്രീയ നേതൃത്വങ്ങൾ. സീറ്റ് പ്രതീക്ഷിച്ചിട്ട് കിട്ടാത്തവരും അവഗണനക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയിലും പാർട്ടി സ്ഥാനാർഥികൾക്കെതിരെ പത്രിക സമർപ്പിച്ചവർ ഏറെയാണ്. യു.ഡി.എഫിലാണ് വിമതശല്യമേറെയും. എന്നാൽ മുൻതവണത്തെ അപേക്ഷിച്ച് കുറവാണെന്ന് നേതാക്കൾ പറയുന്നു. ഹൈറേഞ്ചിലെയും ലോ റേഞ്ചിലെയും പഞ്ചായത്തുകളിൽ പാർട്ടിക്ക് വിമതർമാരുണ്ട്. ജില്ലാ നേതൃത്വവും നേതാക്കളും മാറി മാറി വിളിച്ചിട്ടും ഇവരിൽ ഭൂരിഭാഗവും പിൻമാറാൻ തയ്യാറായിട്ടില്ല. മുൻപെങ്ങുമില്ലാത്ത വിധം പാർട്ടി ശക്തികേന്ദ്രങ്ങളിൽ വിമതർ, പത്രിക നൽകിയത് ഇടതുപക്ഷത്തിനും വെല്ലുവിളിയായി. എൽ.ഡി.എഫ് ഭരിക്കുന്ന കാന്തല്ലൂരിലും, ലോ റേഞ്ചിലെ ശക്തി കേന്ദ്രമായ ആലക്കോടുമാണ് വിമതശല്യം ഏറയും. ബി.ജെ.പിയും മുന്നണിയും പ്രതീക്ഷ വച്ചു പുലർത്തുന്ന ലോ റേഞ്ചിലെ ചില പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും വിമതരുണ്ട്. അവസാന നിമിഷം അവരെ അനുനയിപ്പിച്ച് തിരഞ്ഞെടുപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.