പാലാ : നാളിതുവരെ കൈപ്പിടിയിലൊതുങ്ങാത്ത ളാലം ബ്ലോക്ക് പഞ്ചായത്ത് ജോസ് വിഭാഗത്തിന്റെ കരുത്തിൽ നേടിയെടുക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ ഉറച്ച കോട്ടയിൽ അട്ടിമറി സാദ്ധ്യമല്ലെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ഇരുവിഭാഗവും മുൻ ജനപ്രതിനിധികളെയും പാർട്ടി പ്രാദേശിക നേതാക്കളെയുമൊക്കെ മത്സരരംഗത്തിറക്കിയിട്ടുണ്ട്.
13 സീറ്റുള്ള ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞതവണ കേരള കോൺഗ്രസ്-എമ്മിന് ഏഴും, കോൺഗ്രസിന് ആറും സീറ്റുകളാണുണ്ടായിരുന്നത്. എൽ.ഡി.എഫിന് സീറ്റൊന്നും ലഭിച്ചില്ല. 2005 ൽ യു.ഡിഎഫിലെ റിബൽശല്യം മൂലം വലവൂർ ഡിവിഷൻ ലഭിച്ചിരുന്നു. അതിനു മുൻപ് രണ്ടു തവണയും. കേരള കോൺഗ്രസ്-എമ്മിലെ ജോർജ് നടയത്ത്, സിബി ഓടയ്ക്കൽ എന്നിവർ രണ്ടു വർഷം വീതവും കോൺഗ്രസിലെ ജോസ് പ്ലാക്കൂട്ടം ഒരുവർഷവും പ്രസിഡന്റുസ്ഥാനം വഹിച്ചു. ഇത്തവണ എൽ.ഡി.എഫിൽ കേരള കോൺഗ്രസ്-എം എട്ടു സീറ്റിലും, സി.പി.എം നാലു സീറ്റിലും, സി.പി.ഐ ഒരു സീറ്റിലും മത്സരിക്കും.