തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക നോക്കിയാൽ ജനസഖ്യാനുപാതികമായി പിന്നാക്കക്കാർക്ക് അർഹമായ പരിഗണന നൽകാൻ കൊടിയുടെ നിറവ്യത്യാസമില്ലാതെ ഒരു പാർട്ടിയും തയ്യാറായില്ലെന്ന് കാണാൻ കഴിയും. കോട്ടയത്ത് ഹൈന്ദവ വിഭാഗമാണ് ജനസഖ്യയിൽ മുന്നിൽ അതിൽ ഏറെ പിന്നാക്കവിഭാഗവും. എന്നിട്ടും കോട്ടയം ക്രൈസ്തവ വോട്ട് ബാങ്കായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് സ്ഥാനാർത്ഥി പരിഗണനയിലും അനർഹമായ പ്രധാന്യം ലഭിക്കുന്നതും ക്രൈസ്തവരിലെ സകല വിഭാഗക്കാർക്കുമാണ്. ജാഥയ്ക്ക് കൊടി പിടിക്കാനും പൊലീസിന്റെ തല്ലു കൊള്ളാനും പിന്നാക്കക്കാർ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സീറ്റിന് പരിഗണിക്കുന്നത് മറ്റു വിഭാഗക്കാരെ. വർഷങ്ങളായി ഇവിടെ ആവർത്തിക്കുന്നത് ഈ പൊറാട്ട് നാടകമാണ്.
ഈ തദ്ദേശ തിരഞ്ഞെടുപ്പിലും ഇതിന് വലിയ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് സീറ്റ് വിഭജനം തെളിയിക്കുന്നത്. ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലും പിന്നാക്ക വോട്ടർമാരാണ് കണക്കിൽ കൂടുതലെങ്കിലും അത് സമ്മതിച്ചു തരാൻ സവർണ രാഷ്ട്രീയ മാടമ്പിമാർ തയ്യാറാകില്ല. പി.എസ്.ശ്രീനിവാസൻ , ബിനോയ് വിശ്വം എന്നീ കോട്ടയംകാരായ സി.പി.ഐ നേതാക്കൾ മന്ത്രിമാരായത് കോട്ടയത്തു മത്സരിച്ചു ജയിച്ചല്ല. തൃപ്പൂണിത്തുറ നിന്ന് കോട്ടയത്തെത്തിയ സി.പി.എം നേതാവ് ടി.കെ.രാമകൃഷ്ണൻ മന്ത്രിയായി. വർക്കല നിന്ന് കോട്ടയത്തെത്തിയ എൻ.ശ്രീനിവാസൻ എസ്.ആർ.പി ലേബലിൽ മന്ത്രിയായി. കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം പിന്നാക്ക വിഭാഗത്തിൽ നിന്ന് കോട്ടയംകാരായും കോട്ടയത്ത് ഇറക്കുമതി സ്ഥാനാർത്ഥികളായി മത്സരിച്ച് മന്ത്രിമാരായതും ഈ നാലു പേർ മാത്രമാണ്, പിന്നാക്ക വിഭാഗത്തിൽ പ്രഗത്ഭരായവർ ഇല്ലാഞ്ഞിട്ടല്ല. അവരെ ജനപ്രിയ നേതാക്കളാക്കി വളർത്താൻ പാർട്ടികളാരും തയ്യാറാകാത്തത് കൊണ്ടാണ്.
അതേ സമയം ന്യൂനപക്ഷ, സവർണ വിഭാഗങ്ങളിൽ നിന്ന് കോട്ടയത്തുകാർ പല തവണ മുഖ്യമന്ത്രിയും ,ആഭ്യന്തരമന്ത്രിയും ധനകാര്യ മന്ത്രിയുമായി. യു.ഡി.എഫെന്ന് അധികാരത്തിൽ വന്നാലും അരഡസനോളം പേർ ഉന്നത മന്ത്രി സ്ഥാനം വഹിക്കാൻ കോട്ടയത്ത് നിന്നുണ്ടാകും. നിയമസഭാ മണ്ഡലങ്ങളുടെ ചെറിയ പതിപ്പെന്ന് വിശേഷിക്കാവുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥികളുടെ ജാതി നോക്കിയാൽ പിന്നാക്ക വിഭാഗങ്ങളുടെ എണ്ണം രണ്ടക്കം പോലുമില്ല. മറ്റ് ഹൈന്ദവ വിഭാഗങ്ങളുടെ കണക്കും ഏതാണ്ട് ഇതു തന്നെ. അതേ സമയം ക്രൈസ്തവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്കു പോലും പ്രത്യേക പരിഗണന നൽകാൻ മറന്നിട്ടുമില്ല. മുസ്ലിംവിഭാഗം കുടുതലുള്ള ഏരുമേലി ഡിവിഷനിൽ ഒരു സീറ്റ് ലീഗ് ചോദിച്ചെങ്കിലും കൊടുത്തില്ല. മുന്നണി വിട്ട് മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അഞ്ചു വർഷം കഴിഞ്ഞുള്ള തദ്ദേശ തിരഞ്ഞെടുപ്പിൽ പരിഗണിക്കാമെന്നായിരുന്നു വാഗ്ദാനം.
ജോസ് വിഭാഗം യു.ഡി.എഫ് വിട്ടു പുറത്തു പോയപ്പോൾ ഒഴിവുവന്ന സീറ്റുകളിലേക്ക് പരിഗണിച്ചവരിലും പിന്നാക്കക്കാരില്ല . അടുത്ത വർഷ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് റിസർവ് ചെയ്തവരുടെ ലിസ്റ്റിലും പൊടിപോലുമില്ല പിന്നാക്കക്കാരെ കണ്ടു പിടിക്കാൻ. "തൊഴും തോറും തൊഴിക്കും തൊഴിക്കും തോറും തൊഴും " എന്ന കാലങ്ങളായുള്ള ഗതികേടിന് മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു. അതിന് വേണ്ടത് യോജിച്ച പോരാട്ടമാണ്. ഗുരുദേവൻ പറഞ്ഞതു പോലെ കടൽത്തീരത്തെ മണൽത്തരികളെപോലെ നിന്നാൽ എന്തു പറയാൻ ... കൂടുതൽ എന്ത് എഴുതാൻ !