vote

കോട്ടയം : റബറിനൊപ്പം രാഷ്ട്രീയത്തിനും ശക്തമായ വേരുറപ്പുള്ള മണ്ണാണ് കാഞ്ഞിരപ്പള്ളിയിലേത്. കേരള കോൺഗ്രസിലെ കുത്തിത്തിരിപ്പിന് കാഞ്ഞിരപ്പള്ളി ഡിവിഷനും ചെറിയൊരു പങ്കുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധിപ്പെട്ട് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടപ്പോൾ,​ പ്രസിഡന്റ് സ്ഥാനം വഹിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രതിനിധികീരിച്ച ഡിവിഷൻ കൂടിയാണിത്. ജോസ് - ജോസഫ് വിഭാഗങ്ങൾ നേർക്കു നേർ മത്സരിക്കുന്ന ഇവിടെ വിജയമെന്നത് ഇരുകൂട്ടരുടേയും പ്രസ്റ്റീജ് വിഷയം കൂടിയാണ്.

ജോസ് വിഭാഗം പോയത് തങ്ങളെ ബാധിച്ചിട്ടില്ലെന്ന് യു.ഡി.എഫിനും നേട്ടമാണെന്ന് എൽ.ഡി.എഫിനും തെളിയിക്കണം. ശക്തമായ മത്സരവുമായി ബി.ജെ.പിയും കളത്തിലിറങ്ങുമ്പോൾ ജില്ല ഉറ്റു നോക്കുന്ന മത്സരമാണ് കാഞ്ഞിരപ്പള്ളിയിലേത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 23 വാർഡുകളും എലിക്കുളം പഞ്ചായത്തിലെ എട്ടു വാർഡുകളും പാറത്തോട് പഞ്ചായത്തിലെ രണ്ടു വാർഡുകളും മണിമല പഞ്ചായത്തിലെ ഏഴു വാർഡുകളും എരുമേലി പഞ്ചായത്തിലെ ഒരു വാർഡും വെള്ളാവൂർ പഞ്ചായത്തിലെ ആറ് വാർഡും വാഴൂർ പഞ്ചായത്തിലെ രണ്ടുവാർഡും ഉൾപ്പെടുന്നതാണ് കാഞ്ഞിരപ്പള്ളി. ഇതുവരെ എതിരാളികളെ നിലംപരിശാക്കി യു.ഡി.എഫിനെ മാത്രം തുണച്ചുവെന്നതാണ് ഡിവിഷന്റെ ചരിത്രമെങ്കിൽ അത് മാറ്റിമറിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

യു.ഡി.എഫ്

ജോസഫ് വിഭാഗത്തിന്റെ പ്രതിനിധിയായ മറിയാമ്മ ജോസഫാണ് കാഞ്ഞിരപ്പള്ളിയിൽ ബലപരീക്ഷണത്തിന് യു.ഡി.എഫിന്റെ വണ്ടിയിൽ ഗോദയിലിറങ്ങുന്നത്. അദ്ധ്യാപക ജീവിതത്തിൽ നിന്ന് രാഷ്ട്രിയത്തിലെത്തുകയും പത്തു വർഷക്കാലമായി ജനപ്രതിനിധിയാവുകയും ചെയ്തു. 2010 -15 ജില്ലാ പഞ്ചായത്തംഗവും കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്ത് ചോറ്റി ഡിവിഷനിൽ നിന്ന് ജയിച്ച് കാഞ്ഞിരപ്പള്ളി ബ്ളോക്ക് പ്രസിഡന്റുമായി. ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗമാണ്. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായുള്ള 'കൂട് " എന്ന സന്നദ്ധസംഘടനയുടെ സജീവ പ്രവർത്തകയാണ്.

എൽ.ഡി.എഫ്

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെമ്പർ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സാന്നിദ്ധ്യമറിയിച്ച ജെസി ഷാജനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. 2000 -05 കാലഘട്ടത്തിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അംഗവും 2010 -15 കാലയളവിൽ വൈസ് പ്രസിഡന്റുമായിരുന്നു. കേരള വനിത കോൺഗ്രസ് ജില്ലാ സെക്രട്ടറി, നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കഴിഞ്ഞ 20 വർഷമായി കാഞ്ഞിരപ്പള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡംഗമാണ്.

 എൻ.ഡി.എ

തിരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി ദീപ അശോകൻ വെള്ളാവൂർ സ്വദേശിയാണ്. മഹിളാമോർച്ച വെള്ളാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച ദീപ മക്കപ്പുഴ എൻ.എസ്.എസ് സ്‌കൂളിൽ കമ്പ്യൂട്ടർ അദ്ധ്യാപികയായിരുന്നു.

നിർണായകം

 എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ ശക്തിയുള്ള ഡിവിഷൻ

 ജോസ്-ജോസഫ് വിഭാഗങ്ങളുടെ അഭിമാന പോരാട്ടം

 ഇരുവിഭാഗം സ്ഥാനാർത്ഥികളും മുൻ ജനപ്രതിനിധികൾ