കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കൊച്ചു മാളികപ്പുറങ്ങൾക്ക് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് ശ്രീവിദ്യാധിരാജ ചട്ടമ്പി സ്മാരക മലയാള ഭാഷാഭവൻ ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണം മൂലം പത്ത് വയസന് താഴെയുള്ള പെൺകുട്ടികളുടെ ശബരീദർശനം മുടങ്ങിയിരിക്കുകയാണ്. ആചാരമനുസരിച്ച് 10 വയസ് വരെയുള്ള പെൺകുട്ടികൾക്കേ ശബരിമല ദർശനത്തിന് അവസരമുള്ളൂ. പുതിയ നിയന്ത്രണം മൂലം ആയിരക്കണക്കിന് കൊച്ചു മാളികപ്പുറങ്ങൾക്ക് ശബരീശ ദർശനത്തിന് കഴിയില്ല. ഇത് തികഞ്ഞ അനീതിയാണ്. ശബരിമല ദർശനം ആഗ്രഹിക്കുന്ന കൊച്ചു മാളികപ്പുറങ്ങൾക്ക് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് രക്ഷിതാവിനൊപ്പം മലചവിട്ടാനുള്ള അനുമതി നൽകാൻ സർക്കാർഇടപെടണമെന്നും ഭാഷാഭവൻ ആവശ്യപ്പെട്ടു.
ആലുവ തന്ത്ര വിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, മുൻ ശബരിമല ഗുരുവായൂർ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മുഖ്യപരിപാലകൻ മധു മണിമല അവതരിപ്പിച്ച പ്രമേയം മുഖ്യമന്ത്രി, ദേവസ്വം വകുപ്പുമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർക്ക് അയച്ചുകൊടുത്തു.