idatharakadavu

ചങ്ങനാശേരി: എല്ലാം പുതിയ കാഴ്ചകൾ... ഇടത്തറക്കടവ് ആകെ മാറിയിരിക്കുന്നു. 25 വർഷത്തോളം മാലിന്യത്താൽ നാട്ടുകാരെ വീർപ്പുമുട്ടിച്ചിരുന്ന ഇടത്തറക്കടവ് ഇന്ന് സായാഹ്ന വിശ്രമകേന്ദ്രമാണ്.പാടശേഖരത്തിനു നടുവിലൂടെയുള്ള സഞ്ചാരപാതയും തോടും ചേർന്നതാണ് ഇടത്തറക്കടവ്. രണ്ടു വർഷം മുൻപാണ് പ്രദേശവാസികൾ ചേർന്ന് ചീരംഞ്ചിറ എസ്.എച്ച്.ജി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന ഇടത്തറക്കടവിനെ പുനർജീവിപ്പിക്കാനാണ് കൂട്ടായ്മ ലക്ഷ്യമിട്ടത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. പിന്നീട് പ്രദേശം വൃത്തിയാക്കി. ഇരിപ്പിടങ്ങളും ബോർഡുകളും സ്ഥാപിച്ചു. ഹരിത കേരളം മിഷനുമായി ചേർന്ന് റോഡിനിരുവശവും തണൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ചു. ഒപ്പം കൃഷിയും പുന:രാരംഭിച്ചതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും പരിഹാരമായി.

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തുടർ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൊവിഡ് മൂലം സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ നിരവധിപേർ എത്താറുണ്ട്. സാശ്രയ സംഘാംഗങ്ങളായ ജോൺ മാത്യു മൂലയിൽ, ചെറിയാൻ കളപ്പുരയ്ക്കൽ, എം യു സക്കറിയ, പി എം അന്ത്രയാസ്, അനീഷ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇടത്തറക്കടവിന്റെ പ്രവർത്തനം.

ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കാനും സഞ്ചാരികൾക്കായി നടപ്പാത ക്രമീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇവിടെ പെഡൽ ബോട്ട് സംവിധാനം ക്രമീകരിക്കാനുമുള്ള ശ്രമത്തിലാണ് സംഘാടകർ.