പാലാ: നഗരസഭയിൽ ആം ആദ്മി യ്ക്ക് ഒരേയൊരു സ്ഥാനാർത്ഥി; ജയേഷ് പി. ജോർജ്. പാലായിൽ ആം ആദ്മി നേതാവായും അണികളായും മറ്റാരുമില്ലെങ്കിലും രണ്ടും കൽപ്പിച്ച് നഗരസഭാ കൗൺസിലറാകാൻ മത്സരിക്കുകയാണ് ഈ 50 കാരൻ .

നഗരസഭാ 12ാം വാർഡായ കിഴതടിയൂരിലാണ് പാർട്ടി ചിഹ്നമായ ചൂലുമേന്തി നേതാവും അണിയുമായ ജയേഷ് ഒറ്റയ്ക്ക് വോട്ടു ചോദിച്ച് വീടുകയറുന്നത്. 'ഇന്ത്യയിലെ മുഴുവൻ ജനങ്ങളും പ്രതീക്ഷയോടെ ശ്രദ്ധിക്കുന്ന പാർട്ടി എന്ന നിലയ്ക്ക് ആം ആദ്മിയുടെ സ്ഥാനാർത്ഥിയായി ഒറ്റയ്ക്ക് പോരാടുന്നതിൽ അഭിമാനമേയുള്ളൂ. ആരെങ്കിലും പണവും മദ്യവും കൊടുത്ത് വോട്ടു പിടിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി, പാർട്ടിയുടെ ആശയം വിശദീകരിച്ചാണ് എന്റെ വോട്ടു പിടുത്തം'. ജയേഷ് നയം വ്യക്തമാക്കുന്നു.

യു.ഡി.എഫിലെ ജോസ് എടേട്ട്, എൽ.ഡി.എഫിലെ സോജൻ കല്ലറയ്ക്കൽ എന്നിവർക്കെതിരെയാണ് ജയേഷിന്റെ പോരാട്ടം. പാലായിലെ ആദ്യകാല വ്യാപാരി പുതുവാകം ജയാ കുഞ്ഞേട്ടന്റെ മകനായ ജയേഷിനും പാലാ നഗരത്തിൽ കടയുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റ് വർക്കിംഗ് സെക്രട്ടറിയുമാണ്. ഭാര്യ സോണിയയും മക്കളായ സാൻട്രിനും സച്ചിനുമൊക്കെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കട തുറക്കേണ്ടതിനാൽ ഇവർ ജയേഷിനൊപ്പം വോട്ട് അഭ്യർത്ഥിക്കാൻ പോകാറില്ല.