ചങ്ങനാശേരി : രണ്ട് മുന്നണിയിലാണേലും ഇവർ സഹോദരങ്ങളാണ്. ഇരുവരുടെയും ലക്ഷ്യമാകട്ടെ വിജയം. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ സംവരണ സീറ്റായ പത്താം വാർഡിലാണ് അപൂർവ മത്സരം അരങ്ങേറുന്നത്.
ബി.എസ്.സി ബിരുദധാരിയായ അനീഷ് യു.ഡി.എഫിനായി മത്സരിക്കുമ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സഹോദരൻ അജീഷാണ് രംഗത്ത്. ഒരാൾ കൈപ്പത്തി ചിഹ്നത്തിലും മറ്റേയാൾ അരിവാൾ ചുറ്റിക നക്ഷത്രത്തിലും. അനീഷ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ്. സി.പി.എം പായിപ്പാട് കവല ബ്രാഞ്ച് അംഗമായ അജീഷ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് പാർട്ടിയിൽ സജീവമായത്. വീട് നിർമ്മാണ പ്രവർത്തനങ്ങൾ കരാർ അടിസ്ഥാനത്തിൽ എടുത്ത് ചെയ്ത് വരികയാണ്. താമസിക്കുന്നത് രണ്ടു വീടുകളിലാണെങ്കിലും ഒരു മുറ്റം ആണ്. മാതാപിതാക്കൾ പാരമ്പര്യമായി ഇടതുപക്ഷ പ്രവർത്തകരാണ്. ഇരുവരും പത്രിക സമർപ്പിച്ചതിനുശേഷം വീടുകളിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. വിജയം ആർക്ക് അനുകൂലമായാലും അത് കുടുംബത്തിന് ഇരട്ടി സന്തോഷമാണ്.