കട്ടപ്പന: ചായപ്പീടികയിൽ സുഹൃത്തുക്കൾക്കൊപ്പം സൊറ പറഞ്ഞിരിക്കുന്നതും തൊഴിലിടങ്ങളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതുമായ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ, അവ പോസ്റ്ററുകളായി മാറുമ്പോഴുള്ള വ്യത്യസ്തത, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇത്തവണ ഏറെ ജനശ്രദ്ധയാകർഷിക്കുന്നത് കൺസപ്ട് ഫോട്ടോഗ്രഫി പോസ്റ്ററുകളാണ്. സ്ഥാനാർത്ഥികളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തിയാണ് കൂടുതലായും ഫോട്ടോഷൂട്ട് നടത്തുന്നത്.
ഡിസൈനിംഗിൽ ചിത്രത്തിന്റെ കളർ കറക്ഷൻ മാത്രമ്രേ നടത്തുന്നുള്ളൂ. ഒപ്പം ത്രിഡിയിലോ ആകർഷകമായ ഫോണ്ടിലോ പേരും വാർഡും ക്യാച്ച്‌വേർഡും ഉൾപ്പെടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തുന്നതോടെ വ്യത്യസ്തങ്ങളായ പോസ്റ്ററുകൾ തയാർ. കാസർഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളാണ് ഇത്തരത്തിൽ ആദ്യമായി സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സിനിമ പോസ്റ്ററുകളെ വെല്ലുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. തുടർന്ന് സംസ്ഥാനത്തെ മറ്റിടങ്ങളിലെ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ഇതേ ആശയത്തിൽ പുറത്തിറങ്ങി. ഇടുക്കിയിൽ കാർഷിക, ക്ഷീര മേഖലകളെ പശ്ചാത്തലമാക്കിയുള്ള കൺസപ്ട് ഫോട്ടോഗ്രഫി പോസ്റ്ററുകളാണ് പുറത്തിറങ്ങുന്നത്.