ഈ തിരഞ്ഞെടുപ്പ് കാലത്തും ആരവമുയരില്ല

പൊൻകുന്നം:തിരഞ്ഞെടുപ്പ് കാലങ്ങളിൽ ദിവസം രണ്ടുംമൂന്നും യോഗങ്ങൾ നടന്നിരുന്ന തിരക്കേറിയ രാജേന്ദ്രമൈതാനത്ത് ഇപ്പോൾ ആളും അനക്കവുമില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും സമ്മേളനവേദിയായിരുന്ന ഇവിടം ഇത്തവണ കൊവിഡ് കാല തിരഞ്ഞെടുപ്പായതിനാൽ ആരവങ്ങളുയരില്ല. ആവേശമുണർത്തുന്ന പ്രസംഗങ്ങളോ കൈയടികളോ ലഭിക്കാത്ത ആദ്യ തിരഞ്ഞെടുപ്പാണ് രാജേന്ദ്രമൈതാനത്തിന്.

സ്വാതന്ത്യസമര കാലം മുതൽ പൊൻകുന്നത്തെ സമ്മേളനവേദിയും സമരവേദിയുമായിരുന്നു കാളവണ്ടിപ്പേട്ടയായി നിർമിച്ച ഈ മൈതാനം. ഇംഗ്ലണ്ടിൽ ജോർജ് അഞ്ചാമൻ ചക്രവർത്തിയായി കിരീട ധാരണം നടത്തിയതിന്റെ സ്മാരകമായി 1912ൽ കൊറോണേഷൻ വെൽ എന്ന പേരിൽ നിർമിച്ച കിണറും ഇവിടെയാണ്.

രാജേന്ദ്രന്റെ സ്മരണയിൽ രാജേന്ദ്രമൈതാനമായി

1947ൽ സ്വാതന്ത്ര്യത്തിന് മുൻപ് തിരുവനന്തപുരത്ത് വെടയേറ്റുമരിച്ച 13കാരനാണ് രാജേന്ദ്രൻ. സർ.സി.പി രാമസ്വാമിയുടെ നയങ്ങൾക്കെതിരെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സമരത്തലേക്ക് പൊലീസ് നടത്തിയ വെടിവെപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ രാജേന്ദ്രൻ മരിച്ചത്. അന്ന് പൊൻകുന്നത്തെ ദേശാഭിമാനികൾ വണ്ടപ്പേട്ടയ്ക്ക് രാജേന്ദ്രമൈതാനമെന്ന പേരിട്ടു. ലോറി പാർക്കിംഗ് മൈതാനമായും സമ്മേളനവേദിയായും ഉപയോഗിക്കുന്ന ഇവിടെ ചിറക്കടവ് പഞ്ചായത്ത് സ്വാതന്ത്ര്യസമര സ്മാരക നിർമാണഭാഗമായി മേൽക്കൂര സ്ഥാപിച്ചു അടുത്തിടെ. സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾ ഉണർത്തുന്ന കവാടം കൂടി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമിച്ചിട്ടില്ല.