കോട്ടയം : പത്രിക പിൻവലിക്കാൻ ഒരു ദിവസം കൂടി ബാക്കി നിൽക്കെ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നം തേടിയുള്ള നെട്ടോട്ടത്തിൽ. അതത് പാർട്ടികളുടെ ജില്ലാ പ്രസിഡന്റോ, സെക്രട്ടറിയോ ആണ് സ്ഥാനാർത്ഥിത്വം അംഗീകരിച്ചും പാർട്ടി ചിഹ്നം നൽകണമെന്ന് അഭ്യർത്ഥിച്ചുമുള്ള കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുക. തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ ചിഹ്നം അനുവദിച്ചിട്ടില്ല. ഇന്നലെ രാത്രി വൈകിയും രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നം നൽകാനുള്ള തിരക്കുണ്ടായിരുന്നു.
സ്വതന്ത്രർ തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിക്കുന്നതനുസരിച്ച് കമ്മിഷൻ സ്വതന്ത്ര ചിഹ്നങ്ങൾ അനുവദിക്കും. നിത്യജീവിതവുമായി ബന്ധമുള്ള ചിഹ്നങ്ങളാണ് പലരും ആവശ്യപ്പെടുന്നത്. എതിർ സ്ഥാനാർത്ഥികളുടെ ചിഹ്നത്തോട് സാദൃശ്യമുള്ള ചിഹ്നങ്ങളും പലരും ആവശ്യപ്പെടുന്നുണ്ട്. വാഹനങ്ങൾ, സംഗീതോപകരണങ്ങൾ, ചെണ്ട, അലമാര, ആന്റിന, ഓട്ടോ, കാർ, കൈവണ്ടി, ശംഖ്, ക്രിക്കറ്റ് ബാറ്റ്, എരിയുന്ന പന്തം തുടങ്ങി 75 ചിഹ്നങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്ര സ്ഥാനാർത്ഥികൾക്കായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് 3 വരെയാണ് പത്രിക പിൻവലിക്കുന്നതിനുള്ള സമയം. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കാൻ വരണാധികാരികൾക്കുള്ള രാഷ്ട്രീയ പാർട്ടികളുടെ കത്തുകൾ പലയിടത്തും ഒരേ ദൂതൻ വശം എത്തിക്കുകയായിരുന്നു. ഓരോ വാർഡ് അടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളുടെ പേര്, രാഷ്ട്രീയ പാർട്ടി, ചിഹ്നം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി ഓരോരുത്തരുടേതുമായി പ്രത്യേകം കത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകേണ്ടത്.
ഓട്ടോറിക്ഷയ്ക്ക് ഡിമാൻഡ്
സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ചിലർക്ക് ആവശ്യപ്പെട്ട ചിഹ്നം തന്നെ ലഭിക്കും. ഓട്ടോറിക്ഷയാണ് കൂടുതൽ പേരും ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാരുടെ വാഹനമായതിനാൽ പ്രചരണത്തിൽ സഹായിക്കും എന്നതാണ് കാരണം. ഓട്ടോ തൊഴിലാളികൾ സ്വാഭാവികമായും തങ്ങളുടെ പ്രചാരകരായി മാറും എന്നും അവർ വിശ്വസിക്കുന്നു.
കണ്ണ് വെട്ടിക്കും കണ്ണട
ബൂത്തിൽ കയറിക്കൂടാൻ പറ്റിയ ചിഹ്നങ്ങൾക്കെല്ലാം ഡിമാൻഡ് ഉണ്ട്. കണ്ണടയാണ് അവയിൽ പ്രധാനം. വോട്ടർ അകത്ത് എത്തുമ്പോൾ പോളിംഗ് ഏജന്റ് കണ്ണട ഒന്നു തൊട്ടു കാണിച്ചാൽ കഴിഞ്ഞില്ലേ കഥ! കാഴ്ച കുറഞ്ഞ ഏജന്റിനോടു കണ്ണട വയ്ക്കരുതെന്ന് പറയാൻ തിരഞ്ഞെടുപ്പ് ചട്ടത്തിൽ വകുപ്പില്ലല്ലോ. ചിഹ്നം അനുവദിക്കുന്ന സന്ദർഭങ്ങളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വട്ടം കറക്കുന്ന പ്രശ്‌നമാണ് കണ്ണട.
കറക്കാൻ ഫാൻ
ഫാൻ ആണ് ഉദ്യോഗസ്ഥരെ കറക്കുന്ന മറ്റൊരു സംഗതി. ഈ ചൂടുകാലത്ത് ബൂത്തിനുള്ളിൽ ഫാൻ വേണ്ടെന്ന് എങ്ങനെ പറയാനാകും? മഷിക്കുപ്പിയും പേനയുമാണ് സ്വതന്ത്രർക്ക് അനുവദിക്കാവുന്ന മറ്റൊരു ചിഹ്നം. അവിടെയും പ്രശ്‌നമുണ്ട്. ബൂത്തിൽ മഷിക്കുപ്പി ഇല്ലാതാക്കാൻ പറ്റുമോ? വോട്ട് രേഖപ്പെടുത്താൻ പോകുന്നവരെ മുഴുവൻ അടയാളപ്പെടുത്താൻ മഷി വേണ്ടേ? സ്റ്റൂൾ, മേശ എന്നിവയും ബൂത്തിനകത്ത് ഉണ്ടാവുമെങ്കിലും അവയ്ക്ക് അത്ര ഡിമാൻഡ് ഇല്ല.
മൊബൈൽ ഇല്ലാത്ത ജീവിതമില്ലല്ലോ
ബ്ലാക്ക് ബോർഡ് ചിഹ്നമായി അനുവദിക്കാറുണ്ട്. പക്ഷേ, അങ്ങനെ അനുവദിച്ചിടത്ത് ബൂത്തിനകത്ത് ബോർഡ് ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവ തലേന്ന് തന്നെ ബുദ്ധിപൂർവം മാറ്റിവയ്ക്കാറുണ്ട്. ന്യൂജെൻ ആകണോ? മൊബൈൽ ഫോൺ ആണ് ഇപ്പോൾ ആവശ്യക്കാർ കൂടുതലുള്ള മറ്റൊരു ചിഹ്നം. ബൂത്തിനുള്ളിൽ മൊബൈൽ ഉണ്ടാവും എന്നതു മാത്രമല്ല കാരണം. മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതമില്ലല്ലോ. ഡിജിറ്റൽ യുഗത്തിൽ സ്ഥാനാർത്ഥിയ്ക്ക് കുറച്ചു കൂടി മോഡേൺ ആകണോ? ലാപ്‌ടോപ്പും അനുവദിച്ചു തരും. മാസ്‌ക് ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥാനാർത്ഥിയോട് അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.