kal

വിമതൻമാരെ അനുനയിപ്പിക്കാൻ തിരക്കിട്ട ശ്രമം

കോട്ടയം : പ്രമുഖ മുന്നണികൾക്കെതിരെ വിമതസ്വരം ഉയർത്തി മത്സരരംഗത്തുള്ളവരെ അനുയിപ്പിക്കാൻ ഉന്നതനേതാക്കളുടെ കിണഞ്ഞ ശ്രമം. കോൺഗ്രസിനായി ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ചർച്ചകൾ നടത്തുന്നത്. ജോസ് വിഭാഗം മുന്നണി വിട്ടതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു കാരണവശാലും തദ്ദേശസ്ഥാപനങ്ങളിൽ പതറരുതെന്ന വാശിയിലാണ് ഉമ്മൻചാണ്ടി വരെ ഇടപെട്ട് വിമതന്മാരെ അനുനയിപ്പിക്കുന്നത്. മൂന്നു മുന്നണികളിലും ജില്ലയിൽ വിമത ശല്യമുണ്ടെങ്കിലും യു.ഡി.എഫിലാണ് താരതമ്യേന കൂടുതൽ. പഞ്ചായത്ത് തലം മുതൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ വരെ വിമത ശല്യം നേതാക്കളുടെ ഉറക്കം കെടുത്തുന്നു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് വരെയാണ് പത്രിക പിൻവലക്കേണ്ട സമയം. അതിന് മുൻപായി കാലുപിടിച്ചിട്ടാണെങ്കിലും പത്രിക പിൻവലിപ്പിക്കാനുള്ള ഭഗീരഥ പ്രയത്‌നമാണ് മുന്നണി നേതൃത്വങ്ങൾ നടത്തുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് മത്സരിക്കുന്ന വാർഡുകളിൽ ഘടകകക്ഷികളും തിരികെയും വിമതരെ നിറുത്തിയിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗത്തെയും അനുനയിപ്പിക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനുള്ളിലെ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കമാണ് അനന്തമായി നീളുന്നത്. ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിലെ തർക്കം പരിഹരിച്ചതായും വിമതൻമാർ ഇന്ന് പത്രിക പിൻവലിക്കുമെന്നും ഡി.സി.സി. നേതൃത്വം അറിയിച്ചു.
ഇന്ന് രണ്ടുവരെ വിമതൻമാരെ പിൻവലിപ്പിക്കാനുള്ള ശ്രമം തുടരുമെന്നു നേതാക്കൾ പറഞ്ഞു. ചർച്ചയിലും പരിഹാരമാകാത്ത വാർഡുകളിൽ ബൂത്ത് കമ്മിറ്റിയും വാർഡ് കമ്മിറ്റിയും പിന്തുണച്ചവർക്ക് ചിഹ്നം കൊടുക്കാൻ തീരുമാനിച്ചു. ഇതോടെ, മറുപക്ഷത്തുള്ളവർ മത്സരിക്കാൻ ഉറച്ചിരിക്കുകയാണ്. ഇത്തരക്കാർക്കെതിരേ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.


ആശ്വാസത്തിൽ എൽ.ഡി.എഫ്

എൽ.ഡി.എഫിൽ വിമതശല്യം കുറവാണ്. ഒരു കക്ഷി മത്സരിക്കുന്ന വാർഡുകളിൽ മറ്റു കക്ഷികൾ പത്രിക കൊടുത്തിട്ടുണ്ടെങ്കിലും പകുതിയിലേറെ പേരെയും ജില്ലാ നേതൃത്വം ഇടപെട്ടു പിന്തിരിപ്പിച്ചു. എന്നാൽ, ചില സ്ഥലങ്ങളിൽ അനുനയത്തിന് വഴങ്ങാതെ സി.പി.എം, സി.പി.ഐ. നേതാക്കൾ രംഗത്തുണ്ട്. എന്നാൽ, മുന്നണിക്ക് ഒരു സ്ഥലത്തും വിമതരുണ്ടാകില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം പറഞ്ഞു. എൻ.ഡി.എയിലും വിമതശല്യം കുറവാണ്. ഏതാനും ചില പഞ്ചായത്തുകളിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി നേതൃത്വം അവകാശപ്പെട്ടു.