ele

കോട്ടയം : തദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. അതിനുശേഷം മത്സര രംഗത്ത് തുടരുന്നവർക്ക് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാർഥി പട്ടിക വരണാധികാരികളുടെ ഓഫീസുകളിലും അതത് തദ്ദേശസ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും. പട്ടികയുടെ പകർപ്പ് സ്ഥാനാർത്ഥികൾക്കോ അവരുടെ ഏജന്റുമാർക്കോ നൽകും. പട്ടികയിലും വോട്ടിംഗ് യന്ത്രത്തിലും മലയാളം അക്ഷരമാല ക്രമത്തിലായിരിക്കും സ്ഥാനാർത്ഥികളുടെ പേര് ഉൾപ്പെടുത്തുക.

ഒന്നിലധികം പത്രികകൾ സമർപ്പിച്ചവർ ഉൾപ്പെടെ പല സ്ഥാനാർത്ഥികളും ശനി, ഞായർ ദിവസങ്ങളിൽ വരണാധികാരികളുടെ ഓഫീസുകളുമായി ബന്ധപ്പെട്ട് പത്രിക പിൻവലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി, നിർദേശകൻ, തിരഞ്ഞെടുപ്പ് ഏജന്റ് എന്നിവർക്കാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള നോട്ടീസ് നൽകാൻ കഴിയുക. നിർദേശകനോ തിരഞ്ഞെടുപ്പ് ഏജന്റോ ആണ് നോട്ടീസ് നൽകുന്നതെങ്കിൽ സ്ഥാനാർത്ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം. അപേക്ഷ നൽകുന്നവരുടെ ആധികാരികത തിരിച്ചറിയൽ രേഖ ഉൾപ്പെടെ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കും. ഫോറം അഞ്ചിൽ പൂരിപ്പിച്ചു നൽകാത്ത അപേക്ഷകൾ സ്വീകരിക്കില്ല. പിൻവലിക്കൽ നോട്ടീസിൽ വരണാധികാരി പൂരിപ്പിക്കേണ്ട ഭാഗം പൂരിപ്പിച്ച് സൂക്ഷിക്കുകയും ഫോറത്തോടൊപ്പമുള്ള രസീത് അപേക്ഷകന് നൽകുകയും ചെയ്യും.