cross

കോട്ടയം: അനീതിക്കും അക്രമത്തിനും വേണ്ടിയാണ് പാത്രിയാർക്കീസ് വിഭാഗം ഉപവാസ സമരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പൊലീത്ത പറഞ്ഞു. കോടതികൾ നൽകുന്ന ഉത്തരവുകൾ നടപ്പാക്കാതിരിക്കാനും മറികടക്കാനും വിധി നടത്തിപ്പ് താമസിപ്പിക്കാനുമാണ് പാത്രിയാർക്കീസ് വിഭാഗം പരിശ്രമിക്കുന്നത്. നിയമവിധേയമായി ഐക്യപ്പെട്ട് മുന്നോട്ട് പോകണമെന്ന് കോടതി വിധി നൽകിയിരിക്കുന്ന ദേവാലയങ്ങളിൽ അക്രമ പ്രവണതകൾ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ല. സമാധാന ചർച്ചകൾ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് വ്യക്തമായതിനാലാണ് ഓർത്തഡോക്‌സ് സഭ ചർച്ചയിൽ നിന്ന് പിൻമാറിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തീരുംവരെ വിധി നടപ്പാക്കുകയില്ലെന്ന് ഓർത്തഡോക്‌സ് സഭ സമ്മതിച്ചതായി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം സത്യവിരുദ്ധമാണെന്നും മാർ ദീയസ്‌കോറോസ് പറഞ്ഞു.