vila

പള്ളിക്കത്തോട്: കരനെൽകൃഷിയിൽ നൂറുമേനി കൊയ്ത് പള്ളിക്കത്തോട് അമ്പാട്ടുപറമ്പിൽ പി.ആർ രാജൻ.ഞാറ് നട്ടും വിത്തുവിതച്ചുമായിരുന്നു കരനെൽകൃഷി. പള്ളിക്കത്തോട് 12-ാം പന്ത്രണ്ടാം വാർഡ് മുക്കാലിയിലായിരുന്നു നാടിന് ഉത്സവ ഛായ പകർന്ന വിളവെടുപ്പ്. ലോക്ക് ഡൗൺ സമയത്താണ് രാജൻ കരനെൽകൃഷിയെപ്പറ്റി ചിന്തിച്ചത്. സുഹൃത്തുക്കൾ കപ്പയും വാഴയും നട്ടപ്പോൾ രാജന്റെ വഴി വ്യത്യസ്ഥമായി. കുമരകത്ത് നിന്ന് വിത്തും ഞാറും സംഘടിപ്പിച്ചു. പാട്ടത്തിനെടുത്ത ഭൂമി ഉഴുത് മറിച്ചു. മഴ ആവശ്യത്തിന് ലഭിച്ചതിനാൽ വെള്ളത്തിന് ക്ഷാമമുണ്ടായില്ല. ഉമ വിത്താണ് വിതച്ചത്. പള്ളിക്കത്തോടിൽ നെല്ല് കിളിർത്തപ്പോൾ പുതുതലമുറയ്ക്കും ആവേശം. നാടൊന്നടങ്കം ആവേശഭരിതമായാണ് വിളവെടുപ്പുത്സവം ആഘോഷിച്ചത്. ഇനി കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനാണ് രാജന്റെ തീരുമാനം.