പാലാ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ മത്സരഫലം സംസ്ഥാന സർക്കാരിന്റെ തുടർ ഭരണത്തെപ്പോലും സ്വാധീനിക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. പാലായിൽ ഇതാദ്യമായി ഇടതു മുന്നണിയുടെ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇടതുമുന്നണിയിലെ മുനിസിപ്പൽ മത്സര സ്ഥാനാർത്ഥികളെ അണിനിരത്തി എൽ.ഡി.എഫ് പാലാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമവും കൺവെൻഷനും ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ അടുത്തിടെ വലിയൊരു രാഷ്ട്രീയ മാറ്റത്തിനു തുടക്കം കുറിച്ചത് കോട്ടയം ജില്ലയിലാണെന്ന് ജോസ്.കെ. മാണി പറഞ്ഞു. അതു കൊണ്ടു തന്നെ ഇവിടത്തെ മത്സരഫലം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. വികസന കാര്യത്തിൽ ഇടതു മുന്നണി സർക്കാർ റെക്കാർഡിട്ടു. എന്നിട്ടും ഏറ്റവും ജനോപകാരപ്രദമായ പദ്ധതികൾക്കെതിരെ പോലും ചിലർ വെറുതെ ആരോപണങ്ങളുമായി രംഗത്തുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ നേതാവ് അഡ്വ.തോമസ് വി.ടി അദ്ധ്യക്ഷത വഹിച്ചു. ഇടതുമുന്നണി നേതാക്കളായ ഫിലിപ്പ് കുഴികുളം, ലാലിച്ചൻ ജോർജ്, പി.എം ജോസഫ്, ജോസുകുട്ടി പൂവേലിൽ,ഷാർളി മാത്യു,ജോഷി പുതുമന,സുദർശനൻ,ഔസേപ്പച്ചൻ തകിടിയേൽ,ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 26 വാർഡുകളിലേയും സ്ഥാനാർത്ഥികളെ യോഗത്തിൽ പരിചയപ്പെടുത്തി.