അടിമാലി: കീട ശല്യവും രോഗബാധയും തെങ്ങ് കൃഷിയെ പിന്നോട്ടടിക്കുന്നു.വലിയ തോതിൽ നശിച്ച് പോയതോടെ ഹൈറേഞ്ചിലെ പല കൃഷിയിടങ്ങളിൽ നിന്നും തെങ്ങുകൾ അന്യമായിമാറിക്കൊണ്ടിരിക്കുകയാണ്. മലയോരമേഖലയെങ്കിലും ഒരു കാലത്ത് തെങ്ങുകൾ ധാരാളമുണ്ടായിരുന്നു.ആവശ്യം കഴിഞ്ഞുള്ള തേങ്ങ കയറ്റി അയച്ച് മലയോര കർഷകർ മോശമല്ലാത്തൊരു വരുമാനവും കണ്ടെത്തിയിരുന്നു.എന്നാൽ വർഷങ്ങൾ കഴിയുംതോറും ഹൈറേഞ്ചിൽ നിന്നും തെങ്ങ് കൃഷി കുറഞ്ഞ് വന്നു.ഒടുവിൽ കീട ശല്യവും രോഗബാധയും മൂലം ഇടുക്കിയിൽ നിന്നും തെങ്ങുകൃഷി പാടെ പടിയിറങ്ങുന്ന സാഹചര്യമാണുള്ളത്.മണ്ടരിയും മറ്റ് രോഗങ്ങളും പടർന്ന് പിടിക്കുകയും കൂമ്പ് വാടി തെങ്ങുകൾ ഉണങ്ങി നശിക്കുകയും ചെയ്യുന്നതാണ് പ്രധാനമായും കണ്ട്വരുന്നത്.രോഗബാധയെ പ്രതിരോധിക്കാൻ കൃഷിവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.ഒരു കാലത്ത് വീട്ടുവളപ്പിൽ തെങ്ങുകൾ സുലഭമായിരുന്നെങ്കിൽ ഇപ്പോൾ പേരിന്മാത്രമായി ചുരുങ്ങി. അതിന് രോഗംവരുകകൂടിയായപ്പോൾ ഭൂരിഭാഗം കൂടുംബങ്ങൾക്കും വീട്ടാവശ്യത്തിന് തേങ്ങ വിപണിയിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ട സാഹചര്യമെത്തി.തമിഴ്‌നാട്ടിൽ നിന്നും അയൽജില്ലകളിൽ നിന്നുമൊക്കെയാണ് തേങ്ങ ഹൈറേഞ്ചിലേക്കെത്തുന്നത്.തമിഴ്നാട്ടിൽനിന്നെത്തുന്ന തേങ്ങയ്ക്ക് നിലവാരം തീരെയില്ല എന്നതും മറ്റൊരു പ്രശ്നം. തെങ്ങുകൾ വ്യാപകമായി നശിക്കുന്ന സാഹചര്യത്തിൽ പുതിയതായി കൃഷി പുനരാരംഭിക്കാൻ കർഷകർക്ക് സർക്കാർ സഹായം ലഭ്യമാക്കേണ്ടതുണ്ട്.
കുള്ളൻ തെങ്ങുകൾക്ക് സാദ്ധ്യതയേറെ
തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യം കൂടി തെങ്ങ് പരിപാലനത്തിന് തിരിച്ചടിയാകുന്നുവെന്നിരിക്കെ കുള്ളൻ തെങ്ങിൻ തൈകൾ കർഷകർക്ക് എത്തിച്ച് നൽകാൻ നടപടി വേണമെന്ന ആവശ്യവും കർഷകർ മുമ്പോട്ട് വയ്ക്കുന്നുണ്ട്.