rajamma

കട്ടപ്പന: പ്രഭാത സവാരിക്കിടെ അംഗൻവാടി ജീവനക്കാരിയേയും മകനെയും പേപ്പട്ടി ആക്രമിച്ചു പരിക്കേൽപിച്ചു. കോവിൽമല കണ്ണംകുളത്ത് രാജമ്മ(60), മകൻ കെ.എസ്. ദിനു(36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. രോഗിയായ രാജമ്മ ഡോക്ടറുടെ നിർദേശപ്രകാരം വ്യായാമത്തിന്റെ ഭാഗമായാണ് മകൻ ദിനുവിനൊപ്പം ശനിയാഴ്ച രാവിലെ ആറരയോടെ സവാരിക്കിറങ്ങിയത്. നടന്നുനീങ്ങുന്നതിനിടെ എതിരെവന്ന പേപ്പട്ടി ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് രാജമ്മയുടെ കൈയിൽ ആഴത്തിൽ മുറിവേറ്റു. ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനിടെ വീണ് കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടായി. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദിനുവിന്റെ കാലിലും കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജമ്മയുടെ കൈയിൽ ആഴത്തിൽ മുറിവേറ്റതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇതേ നായയുടെ കടിയേറ്റ്, പ്രദേശവാസികളായ ബിനു, ഷാന്റി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമകാരിയായ പേപ്പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രതിഷേധം

പേപ്പട്ടിയുടെ ആക്രമണത്തിൽ പരിക്കേറ്റതിന് നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന്രാജമ്മയുടെ ഭർത്താവ് ശശി പറഞ്ഞു. കാട്ടുപന്നിയെ കൊല്ലാൻ സർക്കാർ ഉത്തരവുണ്ടെന്നും എന്നാൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് തയാറാകുന്നില്ലെന്നും ശശി നൽകിയ പരാതിയിൽ പറയുന്നു. പഞ്ചായത്തിന്റെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ മന്ത്രി, കളക്ടർ തുടങ്ങിയവർക്ക് പരാതി നൽകുമെന്നും ശശി പറഞ്ഞു.