കറുകച്ചാൽ: റബർ ടാപ്പിംഗിനിടയിലും സമയം കണ്ടെത്തി പ്രചാരണത്തിന് ഇറങ്ങുകയാണ് ജയലാൽ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് കങ്ങഴ പഞ്ചായത്ത് നാലാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായാണ് കാഞ്ഞിരപ്പാറ നടുവത്ര എൻ.എം.ജയലാൽ (ജയൻ-46) റബർ ടാപ്പിംഗിന് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. രാവിലെ എട്ടരയോടെ തുടങ്ങുന്ന പ്രചാരണ തിരക്ക് വൈകിട്ട് ഏഴരയോടെ അവസാനിക്കും. പിന്നെ വീട്ടിലെത്തി അത്താഴവും കഴിച്ച് കത്തിയും കൂടയുമെടുത്ത് നേരെ അയൽവാസിയുടെ തോട്ടത്തിലേക്ക് പോയി ടാപ്പിംഗിനിറങ്ങും.
25 വർഷമായി ടാപ്പിംഗ് തൊഴിലാളിയാണ് ജയൻ. മത്സരിക്കാൻ ഇറങ്ങുന്നതിനു മുൻപ് പുലർച്ചെ നാലരയ്ക്കായിരുന്നു ടാപ്പിംഗിന് പോയിരുന്നത്. എന്നാൽ, സ്ഥാനാർത്ഥിയായതോടെ ജോലി കഴിഞ്ഞാൽ പ്രചാരണത്തിന് പോകാൻ സമയം കിട്ടില്ല. ഇതോടെയാണ് സമയം മാറ്റിയത്. രാത്രി ഒൻപതരയ്ക്ക് ആരംഭിക്കുന്ന ടാപ്പിംഗ് പതിനൊന്നരയോടെ തീരും. ശേഷം വീട്ടിലെത്തി ഒരു കുളിയും കഴിഞ്ഞ് സുഖമായി കിടന്നുറങ്ങും. രാവിലെ ആറിന് വീണ്ടും തോട്ടത്തിലെത്തി പാലെടുക്കും. എട്ടരയോടെ ജോലി തീർത്ത് വീണ്ടും പ്രചാരണത്തിന് ഇറങ്ങും.
സി.പി.എം. ലോക്കൽകമ്മറ്റിയംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായിരുന്ന ജയലാൽ പൊതുപ്രവർത്തന രംഗത്ത് 30 വർഷത്തോളമായി സജീവമാണ്. ഒൻപതാം വയസിൽ അച്ഛനൊപ്പം ടാപ്പിംഗിന് പോയി തുടങ്ങിയതോടെ പ്രീഡിഗ്രിയ്ക്ക് ശേഷം ഇത് വരുമാന മാർഗമായി തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന പ്രതീക്ഷയിലാണ് ജയൻ. ജയന് പിന്തുണയുമായി ഭാര്യ സിജിമോൾ, മക്കളായ നിഖിൽലാൽ, അശ്വലാൽ എന്നിവരും ഒപ്പമുണ്ട്.