ajeesh-and-aneesh

ചങ്ങനാശേരി: ത്രിതല പഞ്ചായത്തിലേക്ക് നടക്കുന്ന തിരഞ്ഞടുപ്പിൽ ഗ്രാമപഞ്ചായത്തിലേക്കുള്ള മത്സരത്തിൽ ഒരു കുടുംബത്തിൽ നിന്ന് സഹോദരങ്ങൾ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സ്ഥാനാർത്ഥികളായി മത്സര രംഗത്ത് എത്തുന്നു. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ സംവരണ സീറ്റായ പത്താം വാർഡിലാണ് അപൂർവമായ മത്സരം അരങ്ങേറുന്നത്. ബി.എസ്.സി ബിരുദധാരിയായ അനീഷാണ് യു.ഡി.എഫിനു വേണ്ടി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഇളയസഹോദരനായ അജീഷാണ് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ഇരുവരുടെയും മാതാപിതാക്കൾ പാരമ്പര്യമായി ഇടതുപക്ഷ പ്രവർത്തകരാണ്. ഇരുവരും താമസിക്കുന്നത് രണ്ടു വീടുകളിലാണെങ്കിലും ഒരു മുറ്റം ആണ്. നാമനിർദേശ പത്രിക സ്വീകരിക്കാൻ തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോൾ അനീഷ് യു.ഡി.എഫ് പത്രിക നൽകുകയായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. അജീഷ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ പ്രവർത്തനാകുകയും പായിപ്പാട് മേഖല കമ്മറ്റി അംഗമായും പായിപ്പാട് കവല ബ്രാഞ്ച് പാർട്ടി അംഗവുമാണ്. വീട് നിർമ്മാണ പ്രവർത്തനങ്ങൾ കരാർ അടിസ്ഥാനത്തിൽ എടുത്ത് ചെയ്തു വരികയാണ് അജീഷ്. പത്രിക സമർപ്പിച്ചതിനുശേഷം വീടുകളിൽ രാഷ്ട്രീയം ചർച്ച ചെയ്യാറില്ല. വാർഡിലെ വോട്ടർമാർക്കും മറ്റ് വാർഡിലെ സ്ഥാനാർത്ഥികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളും ആകാംഷയോടെയാണ് ഈ മത്സരത്തെ വീക്ഷിക്കുന്നത്.