cpm

കോട്ടയം : കൈപ്പത്തി കണ്ടാൽ കണ്ണുംപൂട്ടി കുത്തുന്നതാണ് പുതുപ്പള്ളിക്കാരുടെ ശീലം. ഇതുവരെ കൈപ്പത്തിയല്ലാതെ മറ്റൊരു ചിഹ്നവും പച്ചപടിച്ചിട്ടുമില്ല. വിജയമുറപ്പായതിനാൽ യു.ഡി.എഫിൽ നിന്ന് മത്സരിക്കാൻ ഏറ്റവും അധികം ആളുകൾ ഇടിച്ചു നിൽക്കുന്ന ഡിവിഷനാണ് പുതുപ്പള്ളി. എൽ.ഡി.എഫിലാവട്ടെ പുതുപ്പള്ളിയിലെപ്പോഴും ബലിയാടാവുമെന്നതാണ് ചരിത്രവും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഡിവിഷനെന്നതിനൊപ്പം യു.ഡി.എഫിന്റെ ഉരുക്കുകോട്ടയാണ്.

പുതുപ്പള്ളി പഞ്ചായത്തിലെ ഒരു വാർഡ് ഒഴികെയുള്ള മുഴുവൻ വാർഡുകളും വാകത്താനം, വിജയപുരം, മണർകാട്, പനച്ചിക്കാട് പഞ്ചായത്തുകളിലെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്നതാണ് പുതുപ്പള്ളി ഡിവിഷൻ. കഴിഞ്ഞ തവണ കോൺഗ്രസിലെ ജെസിമോൾ മനോജ് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച ഡിവിഷൻ. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വരെ ഇത്തവണ മത്സരിക്കാൻ ഒരുങ്ങി. പരമ്പരാഗത കോൺഗ്രസ് കുടുംബങ്ങൾ ഏറെയുള്ള ഡിവിഷനാണിത്. ഉമ്മൻചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായ നെബു ജോണാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കേരള കോൺഗ്രസ് സഹയാത്രികൻ സജി കെ.വർഗീസിനെ മറുകണ്ടം ചാടിച്ചാണ് പുതുപ്പള്ളിയിൽ സി.പി.എം നിറുത്തുന്നത്. ശക്തമായ സാന്നിദ്ധ്യമാകാൻ എൻ.ഡി.എയിലെ നിബു ജേക്കബുമുണ്ട്.


യു.ഡി.എഫ്
പത്തു വർഷം പുതുപ്പള്ളി പഞ്ചായത്ത് മെമ്പറായ യു.ഡി.എഫ് സ്ഥാനാർഥി നെബു ജോൺ ഏഴര വർഷം പ്രസിഡന്റായിരുന്നു. കെ.എസ്.യുവിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ നെബു പുതുപ്പള്ളി കേന്ദ്രീകരിച്ചുള്ള സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്. പുതുപ്പള്ളി പഞ്ചായത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടുന്നത്. ഉമ്മൻചാണ്ടിയുടെ നിർദ്ദേശപ്രകാരമാണ് നെബു സ്ഥാനാർത്ഥിയായത്. അതുകൊണ്ട് തന്നെ എക്കാലത്തെയും ഉയർന്ന ഭൂരിപക്ഷത്തോടെ ജയിക്കുകയെന്നതാണ് ലക്ഷ്യം.

 എൽ.ഡി.എഫ്
കെ.എസ്.സി.എമ്മിലൂടെ രാഷ്ട്രീയത്തിലെത്തിയ സജി കെ. വർഗീസാണ് സി.പി.എം സ്ഥാനാർത്ഥി. പരിയാരം സ്വദേശിയായ സജി യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായിരുന്നു. പരിയാരം പബ്ലിക് ലൈബ്രറി, വൈ.എം.സി.എ എന്നീ സംഘടനകളുടെ പ്രസിഡന്റ്, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്താണ് സജി അപ്രതീക്ഷിതമായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നത്.

എൻ.ഡി.എ

വ്യവസായിയായ നിബു ജേക്കബിനെ ബി.ജെ.പി മത്സരിപ്പിക്കുമ്പോൾ ന്യൂനപക്ഷ പ്രാതിനിദ്ധ്യം കൂടി ഉറപ്പാക്കുന്നുണ്ട്. നിബുവിനുള്ള വ്യക്തിബന്ധവും പനച്ചിക്കാട് അടക്കം പാർട്ടിക്കുള്ള സ്വാധീനവുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മുൻ വർഷത്തേക്കാൾ വോട്ടുവളർച്ചയാണ് പ്രധാന ലക്ഷ്യം.

നിർണായകം

 എൽ.ഡി.എഫ് പ്രതീക്ഷ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളിൽ

 കോൺഗ്രസ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടിയുടെ നോമിനി

കോൺഗ്രസ് സ്ഥാനാർത്ഥി പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്

 എൽ.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് യു.ഡി.എഫിലും ബന്ധം