അട്ടിമറിക്കാൻ ശ്രമമെന്ന് എസ്.സി. എസ്.ടി അസോസിയേഷൻ
കോട്ടയം: പട്ടികജാതി ഓഫീസറെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ, അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തിതീർക്കാൻ കെ.എസ്.ഇ. ബി ശ്രമിക്കുന്നതായി ആക്ഷേപം.
കോട്ടയം ഇലക്ട്രിക്കൽ സർക്കിൾ ഓഫീസ് അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) കൊല്ലം സ്വദേശി കെ. അശോകനെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എൻ.എസ്.പിള്ള ജാതി പറഞ്ഞു അധിക്ഷേപിച്ചെന്നാണ് പരാതി.
മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്നാണ് ചങ്ങനാശേരി ഡിവൈ. എസ്.പിയുടെ നിർദ്ദേശാനുസരണം ചിങ്ങവനം പൊലീസ് കേസെടുത്തത്.
സ്ഥലംമാറ്റം സംബന്ധിച്ച വിടുതൽ സർട്ടിഫിക്കറ്റ് ചോദിച്ചപ്പോൾ
ഫോണിലൂടെയും നേരിട്ടും രണ്ടു തവണ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ആക്ഷേപം.
വൈദ്യുതി ബോർഡ് ചെയർമാന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗം ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് വരുത്തി തീർത്ത് പ്രതിയെ സംരക്ഷിക്കുകയാണെന്ന് എസ്.സി. എസ്.ടി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (സേവ) സംസ്ഥാന പ്രസിഡന്റ് ചെറുമൂട് മോഹനൻ ആരോപിച്ചു.
മുഖ്യമന്ത്രിക്കും എസ്.സി.എസ്.ടി ദേശീയ, സംസ്ഥാന കമ്മഷനുകൾക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.