വൈക്കം : അഷ്ടമി മഹോത്സവത്തിന്റെ മുന്നോടിയായി നടത്തിവരുന്ന സന്ധ്യവേല ഇന്ന് സമാപിക്കും. സമാപന സന്ധ്യവേല വടയാർ സമൂഹത്തിന്റേതാണ്. അഷ്ടമിയുടെ മുന്നോടിയായി നാല് ദിവസം പുള്ളി സന്ധ്യവേല, നാല് ദിവസം മുഖ സന്ധ്യവേല, നാല് സമൂഹ സന്ധ്യവേല എന്നിവ നടക്കണമെന്നാണ് ആചാരം. പുള്ളി സന്ധ്യവേലയും മുഖ സന്ധ്യവേലയും നേരത്തേ സമാപിച്ചിരുന്നു. ഇന്ന് വൈക്കം ക്ഷേത്രത്തിൽ പുഷ്പാലങ്കാരവും ആയിരക്കുടം ഉൾപ്പടെയുള്ള വിശേഷാൽ വഴിപാടുകളും ഉണ്ടാവും. മുൻകാലങ്ങളിൽ ദീപാരാധന സമയം വാഴപ്പോള കൊണ്ട് തേര് ഒരുക്കി അതിൽ ദീപം തെളിയിക്കുക പതിവായിരുന്നു. ഇപ്പോൾ ക്ഷേത്രത്തിന്റെ മുൻവശം മുഴുവൻ ദീപലങ്കാരം നടത്തും. ദീപാരധനയ്ക്ക് ശേഷമാണ് ഒറ്റപ്പണ സമർപ്പണം. ബലിക്കൽപുരയിൽ വെള്ള പട്ടു വിരിച്ച് അതിലാണ് ഒറ്റപ്പണ സമർപ്പണം നടത്തുക. പിന്നിട് കിഴിയാക്കി തല ചുമടായി എടുത്ത് വേദ മന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കിഴിപ്പണം ദേവസ്വത്തിൽ എല്പിക്കും. ഇതിൽ നിന്നും ഒരു നാണയം കിഴിയാക്കി സൂക്ഷിക്കും.ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും. 25, 26 തീയതികളിൽ വടയാർ സമൂഹം ക്ഷേത്രത്തിൽ വിശേഷാൽ വഴിപാടുകളും നടത്തുന്നുണ്ട്.