കോട്ടയം: നട്ടെല്ലൊടിഞ്ഞ കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടതിയായി ടയർ - ട്യൂബ് ക്ഷാമം. ഇതോടെ കോട്ടയം ഡിപ്പോയിൽ മാത്രം 25 ബസുകളാണ് കട്ടപ്പുറത്തായിരിക്കുന്നത്. പല കെ.എസ്.ആർ.ടി.സി ബസുകളും ഡിപ്പോയിൽ ടയറില്ലാതെ ജാക്കിക്കു പുറത്തിരിക്കുകയാണ്. ഒരു മാസത്തോളമായി ജില്ലയിലെ പല ഡിപ്പോകളും അതിരൂക്ഷമായ ടയർ - ട്യൂബ് ക്ഷാമം നേരിടുകയാണ്. ടയറുണ്ടെങ്കിലും ട്യൂബാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. നേരത്തെ പഞ്ചറാകുന്ന ട്യൂബുകൾ ഒട്ടിച്ചു സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി മാനേജ്‌മെൻ്റ് അനുവാദം നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു മാസമായി ട്യൂബ് ഒട്ടിച്ചു സർവീസ് നടത്താൻ അനുവാദമില്ല. പകരം, പുതിയ ട്യൂബുകളാകട്ടെ നഷ്‌ടത്തിന്റെ പേരുപറഞ്ഞ് വാങ്ങുന്നുമില്ല. ഇതോടെയാണ് ടയറും ട്യൂബുമില്ലാതെയായ കെ.എസ്.ആർ.ടി.സി ബസുകൾ കട്ടപ്പുറത്തു നിന്നും ഇറങ്ങാതെയായത്. കോട്ടയം ഡിപ്പോയിലെ ഗാരേജിൽ നാലു ബസുകളാണ് ഒരു ടയർ പോലുമില്ലാതെ ജാക്കിയുടെ പുറത്തിരിക്കുന്നത്. നാൽപ്പതിൽ താഴെ സർവീസ് മാത്രമാണ് കോട്ടയം ഡിപ്പോയിൽ നിന്നും നിലവിൽ നടത്തുന്നത്. ഇതിനിടെയാണ് 25 ഓളം ബസുകൾ ടയറില്ലാതെ കട്ടപ്പുറത്തായിരിക്കുന്നത്. ഇത് സർവീസുകളെ പ്രതികൂലമായി ബാധിക്കും.

കൈവിട്ട് ശബരിമല സീസൺ

ശബരിമല സീസൺ തുടങ്ങി ആദ്യ ആഴ്‌ചയിൽ ഒരു ബസുപോലും ഇതുവരെയും സർവീസ് നടത്തിയിട്ടില്ല. കഴിഞ്ഞ വർഷം ആദ്യ ആഴ്‌ചയിൽ തന്നെ നൂറിലേറെ സർവീസും, അയ്യായിരത്തോളം യാത്രക്കാരും എത്തിയ സ്ഥാനത്താണ് ഇക്കുറി വൃശ്ചികം ഒന്നു മുതലുള്ള ആദ്യ ആഴ്‌ചയിൽ ഒരു ബസ് പോലും പമ്പകടക്കാത്തത്. കൊവിഡ് കാലമായതിനാൽ ശബരിമലയ്‌ക്കുള്ള ആഭ്യന്തര തീർത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവുണ്ടായിട്ടുണ്ട്. ഇത് തന്നെയാണ് കെ.എസ്.ആ‌ർ.ടി.സിയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. 17 സീറ്റുവരെയുള്ള സ്വകാര്യ സർവീസുകൾക്കു പമ്പ വരെ സർവീസ് നടത്താൻ അനുവാദമുണ്ട്. ഇതും കെ.എസ്.ആർ.ടി.സിയെ കൈയൊഴിയാൻ കാരണമായി.

ജീവനക്കാർക്ക് എ.സി വണ്ടി

ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി എസി വണ്ടി കോട്ടയത്ത്. 16 പേർക്ക് കിടക്കാവുന്ന വണ്ടിയാണ് കോട്ടയം ഡിപ്പോയിൽ എത്തിയിരിക്കുന്നത്. പഴയ വോൾവോ ബസാണ് എ.സിയോടെ കോട്ടയത്ത് എത്തിച്ചിരിക്കുന്നത്. ഒരു ബസ് കൂടി ഉടൻ കോട്ടയത്ത് എത്തിയ്ക്കും.