nomination

പൊൻകുന്നം : ഹൈറേഞ്ചിന്റെ കവാടം എന്നൊക്കെ വിശേഷണമുള്ള പഞ്ചായത്തിലെ യുവകോമളനായ സ്ഥാനാർത്ഥി. ഈശ്വരവിശ്വാസത്തേക്കാൾ അന്ധവിശ്വാസം കൂടുതലുള്ള ആളാണ് കോമളൻ. നല്ലനേരം നോക്കാതെ ഒന്നും ചെയ്യാറില്ല. എന്തിന് നല്ല കണി കാണാതെ പുറത്തിറങ്ങാറുമില്ല. അങ്ങനെ ഒരാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുമ്പോഴത്തെ കാര്യം പറയാനുണ്ടോ. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള മുഹൂർത്തം ജോത്സ്യരെക്കൊണ്ട് കുറിപ്പിച്ചു. രാഹുവും ഗുളികനും യമകണ്ടനുമൊക്കെക്കഴിഞ്ഞുള്ള ശുഭമുഹൂർത്തം. അന്നേദിവസം പുലർച്ചെ എഴുന്നേറ്റ് ജാതിമതഭേദമൊന്നും നോക്കാതെ സമീപത്തുള്ള എല്ലാദേവാലയങ്ങളിലും ദർശനം നടത്തി വഴിപാടുകളും കഴിപ്പിച്ചു.
നാമനിർദ്ദേശപത്രിക സമർപ്പിക്കുക എന്ന മഹത്തായ ചടങ്ങ് അനശ്വരമാക്കാൻ ഒരു സ്റ്റിൽഫോട്ടോഗ്രാഫറേയും വിളിച്ചു. കൃത്യസമയത്തുതന്നെ ഫോട്ടോഗ്രാഫറും അസിസ്റ്റന്റും സ്ഥലത്തെത്തി. മാതാപിതാക്കൾക്കും മുതിർന്നവർക്കും ദക്ഷിണകൊടുക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ അതീവ ശ്രദ്ധയോടെ കാമറയിൽ പകർത്തി അനശ്വരമാക്കി. ഇനിയാണ് പ്രധാനചടങ്ങായ പത്രികസമർപ്പണം. സ്ഥാനാർത്ഥിയും കൂട്ടരും വരണാധികാരിയുടെ മുമ്പിലെത്തി. കൃത്യമായമുഹൂർത്തം ഏതാനും സെക്കന്റുകൾ മാത്രമാണ്. ആ സമയം പത്രിക സമർപ്പിച്ചാൽ വിജയം ഉറപ്പ്. സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക നെഞ്ചോട് ചേർത്തുവച്ച് ഒരുനിമിഷം സകലദൈവങ്ങളേയും മനസ്സിലേക്ക് ആവാഹിച്ച് പ്രാർത്ഥിച്ചു. എന്നിട്ട് പത്രിക വരണാധികാരിയുടെ കൈയിൽ കൊടുത്തു. നശിപ്പിച്ചു...സ്റ്റിൽഫോട്ടോഗ്രാഫറുടെ അലർച്ച. ഇതുകേട്ട് വരണാധികാരി ഉൾപ്പെടെ അവിടെ ഉണ്ടായിരുന്നവരെല്ലാം ഒരു നിമിഷം സ്റ്റില്ലായിപ്പോയി. ബലൂണിന്റെ കാറ്റഴിച്ചുവിട്ട അവസ്ഥയിലായി സ്ഥാനാർത്ഥി.

എന്താണ് സംഭവിച്ചത്
ഓരോ നിമിഷവും അനശ്വരമാക്കാൻ തന്റെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റി വരുകയായിരുന്നു ഫോട്ടോഗ്രാഫർ. പത്രിക സമർപ്പിക്കുന്നതിനുമുമ്പായി സ്ഥാനാർത്ഥി പ്രാർത്ഥനയിൽ മുഴുകിയിരുന്ന നേരം. ദൃശ്യം കൂടുതൽ മനോഹരമാക്കാനായി വരണാധികാരിയുടെ മശപ്പുറത്തിരുന്ന ഗ്ലോബ് ഒന്നു നീക്കിവയ്ക്കാൻ കാമറ അസിസ്റ്റന്റ് മുമ്പോട്ടുവരുകയും പത്രിക സമർപ്പണവും ഒരുമിച്ച് നടന്നു. കാമറയിൽ പകർന്നത് അസിസ്റ്റന്റിന്റെ തല. അപ്പോഴാണ് സങ്കടവും ദേഷ്യവും മൂത്ത് ഫോട്ടോഗ്രാഫർ നശിപ്പിച്ചു എന്നുപറഞ്ഞ് അലറിവിളിച്ചത്.