പൊൻകുന്നം: ശബരിമല യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ച ആന്ധ്രാ സ്വദേശികളായ അയ്യപ്പഭക്തർക്കും ഒപ്പമുള്ളവർക്കും ഭക്ഷണവും വെള്ളവും ഉൾപ്പെടെ സഹായങ്ങൾ നൽകി ഉദ്യോഗസ്ഥർ മാതൃകയായി. നിലയ്ക്കൽ മുതൽ എരുമേലി വഴി കേരളത്തിന്റെ അതിർത്തി വരെ നാട്ടിലേക്ക് സുരക്ഷിതമായി വഴിയൊരുക്കി അനുഗമിച്ചു മോട്ടോർ വാഹന വകുപ്പ്. ഞായറാഴ്ച നിലയ്ക്കലിൽ വെച്ച് ആരോഗ്യ വകുപ്പിന്റെ പരിശോധനയിലാണ് ഒരു ബസിലുള്ള 34 അംഗ തീർത്ഥാടക സംഘത്തിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒപ്പമുള്ളവർക്ക് രോഗം ബാധിച്ചേക്കാമെന്നും അതിനാൽ ശബരിമലയ്ക്ക് പോകരുതെന്നും മറ്റ് സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും നിർദ്ദേശം നൽകി. തുടർന്നാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചത്. നാട്ടിലെത്തുന്നത് വരെ ഭക്ഷണം, വെള്ളം എന്നിവ ഇവർക്ക് നൽകി മോട്ടോർ വാഹന വകുപ്പിലെ റോഡ് സേഫ് സോൺ ഉദ്യോഗസ്ഥർ ചെയിൻ പട്രോളിംഗ് നടത്തിയാണ് കേരളാ അതിർത്തിയിലെത്തിച്ചത്.
റോഡ് സേഫ് സോൺ എരുമേലി കൺട്രോൾ റൂം ചാർജ് ഓഫീസർ ഷാനവാസ് കരീം, എം.വി.ഐ മാരായ കിഷോർ, മഹേഷ് ചന്ദ്രൻ, എസ് അരവിന്ദ്, ഹരികൃഷ്ണൻ, ഒ.എസ് അജയകുമാർ എന്നിവർക്കൊപ്പം ജീവനക്കാരായ റെജി എ.സലാം, നിർമ്മൽ വിശ്വൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പട്രോളിംഗ് നടത്തി തീർത്ഥാടകസംഘത്തെ അനുഗമിച്ചത്.