കോട്ടയം : അച്ഛൻ ചുവരിന് വെള്ള പൂശും. മകൾ ആകർഷകമായി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും വരയ്ക്കും. അയർക്കുന്നം പഞ്ചായത്ത് 14ാം വാർഡിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ചുവരെഴുതുന്ന തിരക്കിലാണ് അച്ഛനും മകളും. തിരുവഞ്ചൂർ പള്ളിപ്പറമ്പിൽ ബൈജുവും ബിരുദാനന്തര ബിരുദമുള്ള മകൾ ജിപ്‌സയുമാണ് ചുവരെഴുതുന്നത്. ഇതിനോടകം അച്ഛനും മകളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിനായി നിരവധി മതിലുകൾ എഴുതി തീർത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ മുതൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തന്നെ ബന്ധപ്പെട്ടിരുന്നെന്നും, കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കാൻ പറ്റുന്ന എല്ലാ ജോലിയും ഏറ്റെടുത്തതായും ബൈജു പറഞ്ഞു. 20 വർഷമായി ചുവരെഴുത്ത് മേഖലയിൽ സജീവമാണ് ബൈജു. വീട്ടിൽ വെറുതെ ഇരുന്ന് സമയം കളയാതിരിക്കാനാണ് അച്ഛനെ സഹായിക്കുന്നതെന്ന് ജിപ്‌സ പറയുന്നു.