പാലാ: 'ഈ മഹാക്ഷേത്രവും പരിസരവും എത്രകണ്ട് മാറിപ്പോയിരിക്കുന്നു; ഇവിടെ ശ്രീകോവിലിൽ വാഴുന്ന ദേവചൈതന്യങ്ങളും ഞാനും പിൽക്കാലത്ത് രണ്ടു വഴിക്കായെങ്കിലും ഭൗതികമായ ഈ വളർച്ച അത്ഭുതകരം തന്നെ ' ചെറുപ്പകാലത്ത് കാവടിയെടുത്ത, ദീപാരാധനയ്ക്ക് ഭജന പാടിയ, കൊതിയോടെ പായസപ്രസാദം നുകർന്ന ഏഴാച്ചേരി കാവിപുറം ഉമാമഹേശ്വര ക്ഷേത്രത്തിന്റെ പൂമുഖവാതിൽക്കൽ നിൽക്കുമ്പോൾ ഒരുവേള 'കവി ഏഴാച്ചേരി രാമചന്ദ്രൻ പഴയ ഭക്തകുമാരനായി ! പതിറ്റാണ്ടുകൾക്ക് ശേഷമാണ് കവി ജന്മഗ്രാമത്തിലെ ക്ഷേത്രത്തിലേക്ക് വീണ്ടുമെത്തിയത്. വയലാർ അവാർഡ് നേടിയ ശേഷം ഇന്നലെ ആദ്യമായി ജന്മനാടായ ഏഴാച്ചേരിയിൽ എത്തിയ രാമചന്ദ്രൻ അടുത്ത ബന്ധുവായ മാമ്പുഴയ്ക്കൽ മധൂ സൂദനനോടൊപ്പമാണ് വൈകിട്ട് കാവിൻപുറം ക്ഷേത്രാങ്കണത്തിലെത്തിയത്.
'എന്റെ അച്ഛനും അമ്മയുമൊക്കെ കാവിൻപുറം ക്ഷേത്രത്തിലെ ഭക്തരായിരുന്നു.അവരോടൊപ്പം വിശേഷദിവസങ്ങളിലെല്ലാം കുട്ടിയായ ഞാനും ഇവിടെ തൊഴുതു പ്രാർത്ഥിക്കാനെത്തുമായിരുന്നു. ഉത്സവ എഴുന്നള്ളത്തിനൊപ്പം കാവടി എടുത്തിരുന്നതും ഭജനപാടിയിരുന്നതുമെല്ലാം ഓർമ്മയിലുണ്ട് '. കവി പറഞ്ഞു.
'കാലാന്തരത്തിൽ വായനയിലേക്കും, വിപ്ലവത്തിന്റെ വഴികളിലേയ്ക്കും തിരിഞ്ഞതോടെ ഞാനൊരു ഭക്തനല്ലാതായി മാറി. പാവപ്പെട്ടവരുടേയും അധ:സ്ഥിത വിഭാഗങ്ങളുടെയും മോചനത്തിന്റെ വഴി, മനുഷ്യനന്മയുടെ വഴി കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എങ്കിലും ഭൂതകാലത്തിന്റെ ഭക്തിബിംബങ്ങൾഎന്റെ കവിതകളിൽ കടന്നുവന്നിട്ടുണ്ട്.ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രത്തിൽ ഉത്സവ പരിപാടികളിൽ പങ്കെടുക്കാൻ ചെറുപ്പകാലത്ത്, പോകുമായിരുന്നു. കേരളം ഇന്ന് കാണുന്ന സമസ്ത പുരോഗതിയുടെയും അടിസ്ഥാനമിട്ടത് ശ്രീനാരായണ ഗുരുദേവനാണെന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയതും അക്കാലത്താണ് .ആദ്ധ്യാത്മികതയേയും ഭൗതികതയേയും ഇത്രമേൽ വിളക്കിച്ചേർത്ത ഒരു ഗുരു അതിനു മുമ്പോ ശേഷമോ കേരളത്തിൽ ഉണ്ടായിട്ടുമില്ലെന്ന് ഏഴാച്ചേരി പറഞ്ഞു.