media

കോട്ടയം : മാദ്ധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ജില്ലാതല മീഡിയ റിലേഷൻസ് സമിതി പ്രവർത്തനമാരംഭിച്ചു. വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂർ സമയപരിധിയിൽ ഒരു മാദ്ധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണങ്ങൾ നടത്താൻ പാടില്ല. പ്രത്യേക രാഷ്ട്രീയ പാർട്ടിക്കോ സ്ഥാനാർത്ഥിക്കോ അനുകൂലമോ പ്രതികൂലമോ ആകുന്ന വിധത്തിൽ എക്‌സിറ്റ് പോൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും അനുവദിനീയമല്ല. ഇലക്ട്രോണിക് മാദ്ധ്യമങ്ങളിൽ ഇത്തരം ഉള്ളടക്കങ്ങൾ ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മിഷൻ നിർദേശിക്കുന്നുണ്ട്.

സമിതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചതായുള്ള പരാതികളിലും തിരഞ്ഞെടുപ്പിൽ മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുകയാണ് സമിതിയുടെ ചുമതല. ജില്ലാ കളക്ടർ എം. അഞ്ജനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, അംഗങ്ങളായ പി.ആർ.ഡി കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഉണ്ണികൃഷ്ണൻ കുന്നത്ത്,കളക്ടറേറ്റ് ലാ ഓഫീസർ ഹാരിസ് മുഹമ്മദ് , മാദ്ധ്യമ പ്രവർത്തകനായ ജോർജ് ജേക്കബ് എന്നിവർ പങ്കെടുത്തു.