പാലാ നഗരസഭ 22ാം വാർഡ് തീപാറും പോരാട്ടം
പാലാ:നഗരസഭാ 22ാം വാർഡിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.യു.ഡി.എഫ് സ്ഥാനാർത്ഥിയായി ആർ.മനോജും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സാവിയോ കാവുകാട്ടും മത്സരിക്കുമ്പോൾ ഇടത്പക്ഷ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ബിന്ദു സജി മനത്താനത്താണ്.ഇടതുമുന്നണിയിലെ ഒരുവിഭാഗത്തിന്റെ രഹസ്യ പിന്തുണയോടെയാണ് ബിന്ദുവിന്റെ മത്സരം.കഴിഞ്ഞതവണ ഇതേ വാർഡിൽ മൂന്ന് വോട്ടുകൾക്ക് പരാജയപ്പെട്ട ബിന്ദു ഇത്തവണ 25ാം വാർഡിൽ മത്സരിക്കാനാണിരുന്നത്.ഈ വാർഡിൽ പ്രചരണത്തിനിറങ്ങാൻ സി.പി.എം നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ഒരു നേതാവിന്റെ എതിർപ്പിനെത്തുടർന്ന് ബിന്ദുവിന് സീറ്റ് ലഭിച്ചില്ല. ബിന്ദുവിന് സീറ്റ് നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി ശാഖകളും രംഗത്തെത്തിയിരുന്നു. തുടർന്ന് ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ ആശീർവാദത്തോടെ ബിന്ദു 22ാം വാർഡിൽ നാമനിർദേശപത്രിക നൽകുകയായിരുന്നു. ബിന്ദുവിന്റെ പത്രിക പിൻവലിക്കാൻ ഇടതുമുന്നണിയുടെ ഉന്നത നേതാക്കൾ സമ്മർദ്ദം ചെലുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. കുട ചിഹ്നത്തിലാണ് ബിന്ദു ജനവിധി തേടുന്നത്.ഇതോടെയാണ് 22ാം വാർഡിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.