കട്ടപ്പന: വൃദ്ധനെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നത്തുകല്ല് കുരിശുമല പൂവത്തുംതൊട്ടിയിൽ കുര്യാച്ചനാ(83) ണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെയായിരുന്നു സംഭവം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പ്രഭാത ഭക്ഷണത്തിനായി അന്വേഷിച്ചപ്പോൾ കാണാത്തതിനെ തുടർന്ന് അടുത്തുള്ള മകന്റെ വീട്ടിലേക്ക് പോയെന്നാണ് വീട്ടുകാർ കരുതിയത്. പിന്നീട് അവിടുത്തെ വീട്ടിൽ എത്തിയിട്ടില്ലെന്നറിഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ പടുതാക്കുളത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പത്തടിയോളം താഴ്ചയുള്ള പടുതാക്കുളത്തിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് മൂന്നിന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ ശോശാമ്മ. മക്കൾ: ഗ്രേസി, രാജു, ഷാജി, അജി, ബിനു, ബിനോയി. മരുമക്കൾ: ജോയി, അനിത, എൽസി, സിജി.