pype

കറുകച്ചാൽ: പതിനായിരങ്ങൾ നൽകിയിട്ടും ഫലമില്ല. കറുകച്ചാലിലെ ജലവിതരണം ആകെ അവതാളത്തിൽ. മികച്ച പൈപ്പുകളുടെയും പൊതുടാപ്പുകളുടെയും അഭാവമാണ് ജലവിതരണത്തെ സാരമായി ബാധിച്ചിരിക്കുന്നത്. കൂടുതൽ ശക്തിയിൽ വെള്ളം പമ്പുചെയ്യാൻ കഴിയില്ല. ഉയർന്ന സമ്മർദ്ധത്തിൽ വെള്ളം ഒഴുക്കേണ്ട സാഹചര്യമുണ്ടായാൽ പലയിടത്തും പൈപ്പുകൾ പൊട്ടും. ഇതാണ്
അവസ്ഥ.

അതേസമയം, കാലപ്പഴക്കം ചെന്ന പൈപ്പുകൾ ഒരുവശത്ത് പ്രശ്നം സൃഷ്ടിക്കുമ്പോൾ മറുവശത്ത് വില്ലൻ യന്ത്ര തകരാറാണ്. പതിവായി യന്ത്രം കേടാവുന്നതും പ്രദേശത്ത് കുടിവള്ളക്ഷാമത്തിന് കാരണമാകുന്നുണ്ട്.കറുകച്ചാൽ പഞ്ചായത്ത് 221 ടാപ്പുകൾക്കായി 96,688 രൂപയും നെടുംകുന്നം പഞ്ചായത്ത് 88 പൊതുടാപ്പുകൾക്ക് 38,016 രൂപയും കങ്ങഴ പഞ്ചായത്ത് 152 ടാപ്പുകൾക്കായി 67375 രൂപയുമാണ് പ്രതിവർഷം വാട്ടർ അതോറിട്ടിക്ക് നൽകുന്നത്. ഇത്രയും തുക അടച്ചിട്ടും പ്രദേശത്തെ ജലവിതരണ ഊർജിതമാക്കാൻ ജലവിതരണ വകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം ജനങ്ങൾ ഉയർത്തിക്കഴിഞ്ഞു.

വെള്ളത്തിനായി

കാത്തിരിപ്പ്

കറുകച്ചാലിലെ കുടിവെള്ള പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പ്രദേശത്ത് എല്ലായിടത്തും ജലവിതരണ വകുപ്പിന്റെ പൈപ്പുകൾ കടന്നുപോകുന്നുണ്ടെങ്കിലും കുടിവെള്ളം കിട്ടിയാലായി എന്നതാണ് അവസ്ഥ. കുടിവെള്ളം മുടക്കം വരുത്താതെ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡുകൾ

കുളമായി

പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച പൈപ്പുകളാണ് ഇന്നും ജലവിതരണ വകുപ്പ് ഉപയോഗിക്കുന്നത്. റോഡുകൾ ഉന്നത നിലവാരത്തിൽ പുനർനിർമിച്ചപ്പോഴും ഇവ പുനസ്ഥാപിക്കാനോ, പൈപ്പുകളുടെ തകരാർ പരിഹരിക്കുകയോ ചെയ്തില്ല. പഴയ പൈപ്പുൾ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡുകളിലൂടെ പാഴാകുന്നത്. 70 ശതമാനത്തോളം പൈപ്പുകളും കാലപ്പഴക്കത്താൽ തകർന്നു. പൊതുടാപ്പുകളിൽ ഭൂരിഭാഗവും തകർന്ന് വെള്ളം പാഴാകുകയാണ്. പൈപ്പുപൊട്ടലിനെ തുടർന്ന് ഉന്നത നിലവാരത്തിൽ നിർമിച്ച റോഡുകളെല്ലാം തകർന്നു തുടങ്ങി. കറുകച്ചാൽ മണിമല റോഡിൽ മിക്കയിടങ്ങളിലും പൈപ്പുപൊട്ടിയാണ് ടാറിംഗ് തകർന്നത്.