കോട്ടയം: ദാമ്പത്യത്തിന്റെ കാൽനൂറ്റാണ്ട് ആഘോഷിക്കുന്ന പനച്ചിക്കാട് പഞ്ചായത്തിലെ ഡോക്ടർ ദമ്പതികൾ പ്രചാരണത്തിന് വീടുകൾ കയറിയിറങ്ങുമ്പോൾ വിവാഹ വാർഷിക സമ്മാനമായി ചോദിക്കുന്നത് വോട്ടുകൾ. 17, അഞ്ച് വാർഡുകളിൽ മത്സരിക്കുന്ന ചാന്നാനിക്കാട് ഇരുപ്പപ്പുഴ വീട്ടിൽ ഡോ.ഇ.കെ.വിജയകുമാറിന്റെയും ഡോ.ലിജി വിജയകുമാറിന്റെയും ഇരുപത്തഞ്ചാം വിവാഹ വാർഷികം ഡിസംബർ 10നാണ്. അന്നാണ് ഇവിടെ വോട്ടെടുപ്പും. പഞ്ചായത്തിൽ താമര വിരിച്ചിട്ടുള്ള ഇരുവരും ഇത്തവണ ഒരുമിച്ച് മത്സരിക്കുന്നത് പ്രത്യേകതയാണ്.
രാവിലെ 9.30 മുതൽ 12.30 വരെയും വൈകിട്ട് 5 മുതൽ ഏഴ് വരെയും പനച്ചിക്കാട് സഹകരണ ബാങ്കിന് സമീപത്തെ ഹോമിയോ ക്ളിനിക്കൽ രോഗികൾക്കൊപ്പം. ബാക്കി സമയം ജനസേവനം. പഞ്ചായത്തിൽ ആദ്യമായി താമര വിരിയിച്ച ഡോ. വിജയകുമാറിന്റെയും നിലവിലെ മെമ്പറായ ഡോ.ലിജിയുടേയും ജീവിതത്തിന്റെ ഷെഡ്യൂൾ ഇങ്ങനെയാണ്. 1995 മുതൽ മൂന്ന് തവണ മെമ്പറായിട്ടുണ്ട് വിജയകുമാർ. വീടിരിക്കുന്ന 18-ാം വാർഡിൽ ലിജി കഴിഞ്ഞ തവണ ജയിച്ചു. ഇക്കുറി സംവരണ വാർഡായതോടെ ക്ളിനിക്ക് പ്രവർത്തിക്കുന്ന 17-ാം വാർഡിലേക്ക് മാറുകയായിരുന്നു.
കുറിച്ചി ഹോമിയോ എൻ.എസ്.എസ് കോളേജിൽ നിന്നാണ് ഇരുവരും ഡോക്ടർമാരായത്. വിജയകുമാർ ആദ്യമായി വിജയിച്ച 1995 ഡിസംബർ 10നായിരുന്നു വിവാഹം. പിന്നീട് ഒരിക്കലും വിവാഹ വാർഷികം ആഘോഷിച്ചിട്ടില്ലെങ്കിലും ഇക്കുറി സ്പെഷ്യലാക്കണമെന്ന് കരുതിയപ്പോഴാണ് തിരഞ്ഞെടുപ്പ് അതേ ദിവസം വന്നത്.
18-ാം വാർഡിൽ താമസിക്കുന്നതിനാൽ അമ്മയ്ക്കും അച്ഛനും വിവാഹ സമ്മാനമായി വോട്ട് നൽകാൻ കഴിയാത്തതിന്റെ സങ്കടമുണ്ട് മക്കളായ പാർവതിക്കും (എം.എസ്.സി ക്രിമിനോളജി വിദ്യാർത്ഥിനി ) ലക്ഷ്മിക്കും ( ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനി ). വോട്ടിന്റെ തിരക്കൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ പിള്ളേർ എന്തെങ്കിലും ഒപ്പിച്ച് ഞെട്ടിക്കുമെന്ന് ഇരുവർക്കും ഉറപ്പാണ്!