ചങ്ങനാശേരി: 45 വാർഡുകളുള്ള ജില്ലാപഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ ഇക്കുറി വനിതകൾ ഏറ്റുമുട്ടുന്നു. 15 വർഷക്കാലമായി ഇടത് പക്ഷത്തിനൊടൊപ്പം നിന്ന ഡിവിഷനിൽ അതുകൊണ്ടും വാശിക്കൊരു കുറവുമില്ല.
തൃക്കൊടിത്താനം പഞ്ചായത്തിലെ 20 വാർഡുകൾ, പായിപ്പാട് പഞ്ചായത്തിലെ 16വാർഡുകൾ, മാടപ്പള്ളി പഞ്ചായത്തിലെ 13 മുതൽ 19 വരെയുള്ള ഏഴ് വാർഡുകൾ, വാഴപ്പള്ളി പഞ്ചായത്തിലെ രണ്ട് വാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ ഡിവിഷൻ. കേരള കോൺഗ്രസിന്റെ പിളർപ്പോടെ ശ്രദ്ധേയമാകുന്ന തൃക്കൊടിത്താനം ഡിവിഷനിൽ കഴിഞ്ഞ അഞ്ച് വർഷം പ്രതിനിധി വി.കെ. സുനിൽകുമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് പോരാട്ടത്തിനിറങ്ങുന്നത്. 2005 ൽ എ.വി റസലും 2010ൽ അഡ്വ എൻ.സി പ്രനിയും കാത്തു സൂക്ഷിച്ച ഇടതുപക്ഷ കോട്ടയാണിത്.
ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി മഞ്ജു സുജിത്താണ് . തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണെങ്കിലും ക്യാൻസർ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി ഇന്ത്യയിൽ പലയിടങ്ങളിലും സഞ്ചരിച്ച് സെമിനാറുകൾക്ക് നേതൃത്വം നല്കുകയും 12 വർഷമായി ഗ്ലോബൽ ക്യാൻസർ കൺസേൺ ഇന്ത്യ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്ന മഞ്ജുവിന് പൊതുപ്രവർത്തനം അന്യമല്ല. ഡിഗ്രിക്കു ശേഷം എം.ബി.എ എച്ച്. ആർ, ജേണലിസത്തിൽ ഡിപ്ലോമ എന്നിവ നേടിയിട്ടുണ്ട്. തൃക്കൊടിത്താനം പുലിക്കോട്ടുപടിയിലാണ് താമസം.
പായിപ്പാട് പഞ്ചായത്ത് മുൻപ്രസിഡന്റു കൂടിയായ സ്വപ്ന ബിനുവാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.
കൊവിഡ് മഹാമാരിയെ തുടർന്ന് പായിപ്പാട്ട് പതിനായിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ തെരുവിലറങ്ങിയ സംഭവത്തിലും കവിയൂർ റോഡ് വികസന വിഷയത്തിലും, പുതുജീവൻ ട്രസ്റ്റിലെ അശാസ്ത്രീയ നിർമ്മിതിക്കെതിരെ ഉയർന്ന പ്രശ്നങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ച പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള സ്വപ്ന ബിനുവിന്റെ പ്രതിച്ഛായയാണ് യു.ഡി.എഫിന്റെ തുറുപ്പുചീട്ട്. കഴിഞ്ഞ തവണ രണ്ടര വർഷം വികസന സ്ഥിരം സമിതി അദ്ധ്യക്ഷയുയും അവസാന വർഷം പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. കേരള കോൺഗ്രസ് (ജോസഫ്) യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്, പായിപ്പാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
മഹിള മോർച്ച പായിപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിജിത ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന വിജിത പ്രളയ കാലത്ത് സജീവമായിരുന്നു. ദേശീയ തലത്തിൽ ഹോക്കി മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കന്നി മത്സരമാണ്. പായിപ്പാട് പുത്തൻകാവിലാണ് വീട്.
നിർണ്ണായകം
കേരള കോൺഗ്രസിന്റെ പിളർപ്പുയർത്തുന്ന രാഷ്ട്രീയ സാഹചര്യം
15 വർഷം ഇടത് പക്ഷത്തിനൊടൊപ്പം നിന്ന ഡിവിഷൻ
പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ സ്വപ്ന ബിനുവിന്റെ പ്രതിച്ഛായ
എൻ. ഡി. എ സ്ഥാനാർത്ഥിയുടെ സജീവ സാന്നിദ്ധ്യം