അടിമാലി: കുഴിമണ്ണിൽ വീട്ടിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.രണ്ടാംമൂഴം തദ്ദേശതിരഞ്ഞെടുപ്പിൽ ജനവിധി തേടാനെത്തുന്ന മോളികുട്ടി ജോൺസനും മകൾ സിമി ജോൺസനുമാണ് അടിമാലി പഞ്ചായത്തിലെ വ്യത്യസ്ഥ വാർഡുകളിൽ മത്സരരംഗത്തുള്ളത്.മോളികുട്ടി അടിമാലി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലും മകൾ സിമി പഞ്ചായത്തിലെ പതിനേഴാംവാർഡിലും ബിജെപി സ്ഥാനാർത്ഥികളായി മാറ്റുരക്കുന്നു.മാതാവ് മോളികുട്ടിക്ക് മുമ്പ് തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിച്ച അനുഭവപാരമ്പര്യമുണ്ടെങ്കിൽ സിവിൽ എൻഞ്ചിനിയറിംഗ് പൂർത്തീകരിച്ച് മകൾ സിമി നേരെ തദ്ദേശതിരഞ്ഞെടുപ്പിൽ ഒരു കൈനോക്കാൻ തീരുമാനിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ സിമിയും മോളികുട്ടിയും തങ്ങളുടെ വാർഡുകളിൽ പ്രചാരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കഴിഞ്ഞു.ചിലപ്പോഴൊക്കെ അമ്മയും മകളും ഒരുമിച്ച് തന്നെ പ്രചാരണത്തിറങ്ങും.പരസ്പരം പരിചയപ്പെടുത്തി വോട്ടഭ്യർത്ഥിക്കും.മകളും താനും വിജയപ്രതീക്ഷയോടെയാണ് മുമ്പോട്ട് പോകുന്നതെന്ന് മോളികുട്ടി പറഞ്ഞു.വികസനത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനാണ് തങ്ങൾ വോട്ടുചോദിക്കുന്നതെന്ന് ഈ അമ്മയും മകളും പറയുന്നു.ഒരേ രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർത്ഥികളായതിനാൽ രാഷ്ട്രീയ വാഗ്വാദങ്ങൾക്കും തീപ്പൊരി ചർച്ചകൾക്കും തൽക്കാലം മോളികുട്ടിയുടെയും സിമിയുടെയും അടുക്കളയിൽ ഇടമില്ല.