സംക്രാന്തി: കോടതി ഉത്തരവുമായി നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്‌സ് വിഭാഗം വൈദികരെയും വിശ്വാസികളെയും പൊലീസ് തടഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്താണ് പൊലീസ് ഓർത്തഡോക്‌സ് പക്ഷത്തെ തടഞ്ഞത്. നീലിമംഗലം പള്ളി ഓർത്തഡോകസ് വിഭാഗത്തിനു വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുമായാണ് ഓർത്തഡോക്‌സ് വിഭാഗം പള്ളിക്ക് മുമ്പിലെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് ഓർത്തഡോകസ് വിഭാഗം പള്ളിയിൽ പ്രവേശിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതറിഞ്ഞ് നിരവധി യാക്കോബായ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ പള്ളിയിലും പരിസരങ്ങളിലുമായി ഇന്നലെ രാവിലെ മുതൽ നിലയുറപ്പിച്ചിരുന്നു. ഇതോടെയാണ് സംഘർഷ സാധ്യത ഒഴിവാക്കാൻ പള്ളിയുടെ പ്രവേശനകവാടത്തിന് മുന്നിൽ ഓർത്തഡോക്‌സ് പക്ഷത്തെ പൊലീസ് തടഞ്ഞത്. ഓർത്തഡോക്‌സ് സഭാ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് ഓർത്തഡോക്‌സ് വിഭാഗമെത്തിയത്. യാക്കോബായ സുറിയാനി സഭാ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. തോമസ് മാർ തീമോത്തിയോസ് ഉൾപ്പടെ ഭദ്രാസനത്തിലെ നിരവധി വൈദികരും പള്ളിയിലെത്തിയിരുന്നു.