വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന സമൂഹസന്ധ്യവേല സമാപിച്ചു. സമാപന സന്ധ്യവേല വടയാർ സമൂഹമാണ് നടത്തിയത്.
സന്ധ്യവേലയുടെ ഭാഗമായി വൈക്കം ക്ഷേത്രത്തിൽ പുഷ്പാലങ്കാരവും ആയിരക്കുടം ഉൾപ്പടെയുള്ള വിശേഷാൽ വഴിപാടുകളും നടത്തി. ദീപാരാധനയ്ക്ക് ശേഷം ഒറ്റപ്പണ സമർപ്പണം നടന്നു. ബലിക്കൽപുരയിൽ വെള്ള പട്ടു വിരിച്ച് അതിലാണ് ഒറ്റപ്പണ സമർപ്പണം നടത്തിയത്. പിന്നിട് കിഴിയാക്കി തല ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കിഴിപ്പണം ദേവസ്വത്തിൽ എൽപ്പിക്കുകയും പിന്നീട് ഇതിൽ നിന്നും ഒരു നാണയം കിഴിയാക്കി എടുത്തു..ഇത് അടുത്ത സന്ധ്യ വേലയുടെ പ്രാരംഭ ചടങ്ങുകൾക്കായി ഉപയോഗിക്കും. ഭാരവാഹികളായ എം ഈശരയ്യർ, പത്മനാഭ അയ്യർ, പരമേശ്വര ശർമ്മ, എസ്, കൃഷ്ണൻ, എൻ ലക്ഷമണൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.