congress

ചങ്ങനാശേരി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും വിമതരായി മത്സരരംഗത്ത്. തൃക്കൊടിത്താനത്ത് ഐ ഗ്രൂപ്പിനെ പൂർണ്ണമായും വെട്ടിനിരത്തി.

പാർട്ടിയിൽ നിന്ന് വിമതനിര

കോൺഗ്രസ് ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് എം.ഡി.ദേവരാജൻ ആണ് വിമതനായി മത്സരിക്കുന്നത്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വെരൂർചിറ ഡിവിഷനിൽ ആണ് ഐ ഗ്രൂപ്പുകാരനായിരുന്ന ദേവരാജൻ മത്സരിക്കുന്നത്.ഐ ഗ്രൂപ്പുകാരൻ തന്നെയായ വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണിയാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി. ചങ്ങനാശേരി നഗരസഭയിലെ മൂപ്പത്തിമൂന്നാം വാർഡിലാണ് എ ഗ്രൂപ്പുകാരനായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജ്ജാദ് വിമതനായി മത്സരിക്കുന്നത്. എ ഗ്രൂപ്പുകാരൻ തന്നെയായ ബാബു തോമസിനാണ് ഈ വാർഡിൽ കോൺഗ്രസ് സീറ്റ് നൽകിയത്. ഈ വാർഡ് ബാബു തോമസിന്റെ കുടുംബം കുത്തക ആക്കി എന്നാണ് സജ്ജാദിനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം.

വെട്ടിനിരത്തൽ, പിടിച്ചെടുക്കൽ

അവസാന നിമിഷം വരെ സീറ്റ് ധാരണ നീണ്ട തൃക്കൊടിത്താനത്ത് ഐ ഗ്രൂപ്പിനെ പൂർണ്ണമായും വെട്ടി നിരത്തി. സ്ഥാനാർഥി നിർണയത്തെ ചൊല്ലി ഡി.സി.സി മെമ്പറായ സനൽ മാടപ്പാട് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. തൃക്കൊടിത്താനം പഞ്ചായത്ത് പരിധിയിലുള്ള രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും എ ഗ്രൂപ്പ് പിടിച്ചെടുത്തു. ഓരോ സീറ്റിൽ എയും ഐയും മത്സരിക്കുന്നത് ആയിരുന്നു പതിവ്. ഇത് ലംഘിച്ചാണ് രണ്ടു ഡിവിഷനും എ പിടിച്ചെടുത്തത് എന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. കോട്ടമുറി ഡിവിഷനിൽ മനുകുമാർ, തൃക്കൊടിത്താനം ഡിവിഷനിൽ വിനോദ് എന്നിവരാണ് സ്ഥാനാർഥികൾ. രണ്ടു പേരും എ വിഭാഗക്കാരാണ്. കോട്ടമുറി ഡിവിഷനുവേണ്ടി അവസാന നിമിഷം വരെ രംഗത്ത് ഉണ്ടായിരുന്ന ഐ ഗ്രൂപ്പുകാരനായ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗിരീഷ് കുമാർ പിള്ളയെ ഒഴിവാക്കിയാണ് മനുവിന് സീറ്റ് നൽകിയത്.

ഐ ഗ്രൂപ്പിന് ശക്തമായ സ്വാധീനമുള്ള തൃക്കൊടിത്താനം പഞ്ചായത്തിൽ ഒരു ജനറൽ സീറ്റ് മാത്രമാണ് ഐ ഗ്രൂപ്പിന് ലഭിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ജി. സനൽകുമാർ മാത്രമാണ് സീറ്റ് ലഭിച്ച ഐ വിഭാഗക്കാരൻ. അഞ്ചാം വാർഡിൽ മത്സരിക്കുന്ന സനൽകുമാറിനെതിരെ വനിതാ സിറ്റിംഗ് മെമ്പർ വിമതയായി മത്സരിക്കുന്നുണ്ട്. സനൽകുമാറിനെ തോല്പിക്കാൻ എ ഗ്രൂപ്പ് വിമതയെ രംഗത്ത് ഇറക്കി എന്നാണ് ആക്ഷേപം.

കഴിഞ്ഞ തവണ സിപിഐ സ്ഥാനാർഥിയായി മത്സരിച്ച് അടുത്തയിടെ കോൺഗ്രസിൽ മടങ്ങി എത്തിയയാൾക്ക് എ ഗ്രൂപ്പ് അക്കൗണ്ടിൽ സീറ്റ് നൽകി. ഇദ്ദേഹത്തിന് സീറ്റ് നൽകുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. 11,16 വാർഡുകളും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും രണ്ടിടത്തും സീറ്റ് നൽകിയത് എ ഗ്രൂപ്പിനാണ്. ആരമല വാർഡിൽ ഐ വിഭാഗത്തിന്റെ പ്രതിനിധിയായി ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ബെന്നി ഗോപിദാസ് ആണ് സീറ്റ് ആവശ്യപ്പെട്ടിരുന്നത്. തൃക്കൊടിത്താനം പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ ഐ.എൻ.ടിയുസി ഭാരവാഹികൾ സീറ്റ് മോഹിച്ചുവെങ്കിലും പരിഗണിച്ചില്ല. തൃക്കൊടിത്താനത്ത് മൂന്ന് വാർഡുകളിൽ കോൺഗ്രസ് വിമതർ മത്സര രംഗത്ത് ഉണ്ട്.