paramada

കോട്ടയം: ജില്ലയിൽ അനധികൃതമായി 14 പാറമടകളും ക്രഷറുകളും പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇവിടങ്ങളിൽ വ്യാപകമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണെന്ന് വിജിലിൻസ് അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഞീഴൂരിലെ കുതിരവേലിൽ പാറമടയിൽ പരിശോധന നടത്തിയിരുന്നു. എട്ടു മണിക്കൂറോളം നീണ്ട പരിശോധനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി. 28000 മെട്രിക് ടൺ മെറ്റലും പാറപ്പൊടിയും അടക്കമുള്ളവ അനധികൃതമായി ഇവിടെ ശേഖരിച്ചു വച്ചിരുന്നു. കഴിഞ്ഞ മാസം ലൈസൻസ് കാലാവധി കഴിഞ്ഞ പാറമടയാണിത്.

ജില്ലയിൽ ഏറ്റവും കൂടുതൽ അനധികൃത പാറമടകൾ പ്രവർത്തിക്കുന്നത് മുണ്ടക്കയം, ഈരാറ്റുപേട്ട മേഖലകളിലാണ്. ഇവ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് നടത്തുന്നത്. ജിയോളജി വകുപ്പിലെ ജീവനക്കാരുടെ മൗന സമ്മതത്തോടെയാണിത്. വർഷങ്ങൾക്കു മുൻപു ലഭിച്ച ലൈസൻസ് പുതുക്കാതെ പ്രവർത്തനം തുടരുന്നവയും ഇക്കൂട്ടത്തിലുണ്ട്.

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാറമടകളിലും ക്രഷറുകളിലും തുടർന്നും പരിശോധന നടത്തും. ഇതിനായി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. നികുതി വെട്ടിക്കുന്നത് അനുവദിക്കാനാവില്ല.

വി.ജി വിനോദ്‌കുമാർ, വിജിലൻസ് എസ്.പി,

കോട്ടയം