പാലാ: ഏവരും ഉറ്റുനോക്കുന്ന മത്സരമാണ് പാലാ നഗരസഭാ 10ാം വാർഡിലേത്. ഇവിടെനിന്ന് ജയിക്കുന്ന ആളാവും നഗരസഭാ ചെയർമാനാവുക എന്നത് കൂടി ഉറപ്പായ സാഹചര്യത്തിൽ 10-ാം വാർഡിലെ മത്സരത്തിന് വീറുംവാശിയുമേറുകയാണ്.യു.ഡി.എഫിന്റെ സ്ഥാനാർഥിയായി മുൻ ചെയർമാൻ കുര്യാക്കോസ് പടവനും എൽ.ഡി.എഫിന്റെ സ്ഥാനാർഥിയായി മുൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയും നേർക്കുനേർ ഏറ്റുമുട്ടുകയാണിവിടെ. കേരളാകോൺഗ്രസ് ജോസഫ്‌ ജോസ് വിഭാഗങ്ങൾ നേരിട്ട് പോരടിക്കുന്ന ഇവിടുത്തെ വിജയം ഇരുകൂട്ടർക്കും അഭിമാന പ്രശ്‌നവുമാണ്. എൻ.ഡി.എ സ്ഥാനാർഥി അനന്തകൃഷ്ണനും സ്വതന്ത്രനായി ചെത്തിമറ്റം റെസിഡന്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആന്റണി എള്ളുംകാലായും മത്സരരംഗത്തുണ്ട്. യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കുര്യാക്കോസ്
പടവൻ പറയുന്നു. വാർഡിലെ ജനങ്ങൾ തന്നെ കൈവിടില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് ആന്റോ പടിഞ്ഞാറെക്കര. ഇടത്‌വലത് തർക്കത്തിൽ തങ്ങൾ കരകയറുമെന്ന് അനന്തകൃഷ്ണൻ പറയുന്നു.ആന്റണിയും നല്ല ആത്മവിശ്വാസത്തിലാണ്.ഇടതു-വലത് മുന്നണികളെ നയിക്കുന്ന ആന്റോയും
കുര്യാക്കോസും നിലവിൽ ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിലാണ്.