കട്ടപ്പന: കട്ടപ്പന നഗരസഭയിലെ മേട്ടുക്കുഴി വാർഡിൽ മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പെടെ മത്സര രംഗത്തുള്ളത് ഏഴുപേർ. വിമതനും അപരൻമാരും കളം നിറഞ്ഞതോടെ പോരാട്ടം കനക്കുമെന്നുറപ്പാണ്. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി സന്തോഷ് ചാളനാട്ടിനെതിരെ രണ്ട് അപരൻമാരാണ് മത്സര രംഗത്തുള്ളത്. സന്തോഷ് പുളിക്കമറ്റത്തിലും സന്തോഷ് കുമാർ ശക്തീശ്വരത്തും. അതേസമയം യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വിമത ഭീഷണിയുമുണ്ട്. കേരള കോൺഗ്രസി(ജോസഫ് വിഭാഗം) ലെ മിന്റു ബേബിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എന്നാൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം വൈസ് പ്രസിഡന്റ് റൂബി വേഴമ്പത്തോട്ടവും ഇതേ വാർഡിൽ ജനവിധി തേടുകയാണ്. അപരൻമാരും വിമതനും ഇരു മുന്നണികൾക്കും ഭീഷണിയായതോടെ നേട്ടമുണ്ടാക്കാമെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യമിടുന്നത്. പി.ജെ. ജോൺ ആണ് എൻ.ഡി.എ. സ്ഥാനാർത്ഥി. കൂടാതെ പ്രദേശവാസിയായ അനീഷ് വേലായുധനും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഏവരും ഉറ്റുനോക്കുന്ന വാർഡിൽ പ്രചരണത്തിലും സ്ഥാനാർത്ഥികൾ ഇഞ്ചോടിഞ്ച് മത്സരിക്കുമ്പോൾ മത്സര ഫലവും ഫോട്ടോഫിനിഷിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.