കട്ടപ്പന: മുന്നണിയിലെ തർക്കത്തെ തുടർന്ന് വണ്ടൻമേട് പഞ്ചായത്തിലെ 18ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയില്ല. സീറ്റ് വിഭജന ചർച്ചയിൽ ധാരണയിലാകാത്തതിനാൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ഇത്തവണയില്ല. രണ്ടു പതിറ്റാണ്ടായി യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്താണ് വണ്ടൻമേട് എന്നതും ശ്രദ്ധേയമാണ്. അതേസമയം സ്ഥാനാർത്ഥിയെ നിർത്താത്തതിനു പിന്നിൽ 'കൂട്ടുകച്ചവട' മാണെന്നും പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതോടെ പ്രധാന മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലായി. സി.പി.ഐയിലെ ശിവരാജ് ചിന്നത്തമ്പി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും ബി.ജെ.പിയിലെ ജി.പി. രാജൻ എൻ.ഡി.എ സ്ഥാനാർത്ഥിയുമാണ്.
അതേസമയം ഒന്നാം വാർഡിലെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ആരാണെന്ന് പ്രവർത്തകർക്കു പോലുമറിയില്ല. സ്ഥാനാർത്ഥിയുടെ പേരു വിവരങ്ങൾ പുറത്തുവിടുകയോ ബോർഡ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഒരു പോസ്റ്റർ പോലും ഇതുവരെ എവിടെയും പതിച്ചിട്ടില്ലെന്നു പ്രവർത്തകർ പറയുന്നു. 'കാണാമറയത്തു'ള്ള സ്ഥാനാർത്ഥി ആരെന്നു ചോദിച്ചാൽ ചില നേതാക്കളും കൈമലർത്തുകയാണ്. അതേസമയം എൽ.ഡി.എഫ്, ബി.ജെ.പി. സ്ഥാനാർത്ഥികൾ പ്രചരണത്തിൽ ഏറെ മുമ്പിലാണ്. എൽ.ഡി.എഫിലെ ശാന്തി നീതിയും എൻ.ഡി.എയിലെ മാരി അറുമുഖവുമായാണ് പ്രധാന മത്സരം.