പാലാ. നാടെങ്ങും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവത്തിലേയ്ക്ക് ഉയരുമ്പോൾ നിർദ്ധനരുടേയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ മരിയസദനം ക്രിസ്മസിനെ വരവേൽക്കാനാണ് ഒരുങ്ങുന്നത്.പ്രത്യാശയുടെ സന്ദേശങ്ങൾ നൽകുന്ന പുൽക്കൂടുകളും നക്ഷത്രവുമൊക്കെ അന്തേവാസികളുടെ കരവിരുതിൽ ഒരുങ്ങിക്കഴിഞ്ഞു. ഇവ പൊതുജനത്തിന് വാങ്ങാമെന്നതാണ് പ്രത്യേകത. മരിയസദനത്തിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത പുനരധിവാസത്തിന്റെ ഭാഗമായാണ് ഇവ ഒരങ്ങിയത്. മാനസികാരോഗ്യം തകർന്ന ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് പരിശീലനപരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പുൽക്കൂടുകളും നക്ഷത്രങ്ങളും വാങ്ങി ഏവർക്കും മരിയസദനത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ അവസരമുണ്ട്. 426 അന്തേവാസികളാണ് ഇപ്പോൾ മരിയസദനത്തിൽ കഴിയുന്നത്. കൊവിഡ് 19 ലോക്ക്ഡൗൺ കാലയളവിൽ മാനസികാരോഗ്യം നഷ്ടപ്പെട്ട 64 പേരെ പൊലീസിന്റെയും മറ്റും സഹായത്തോടെ മരിയസദനത്തിൽ പുനരധിവസിപ്പിച്ചതായി ഡയറക്ടർ സന്തോഷ് മരിയസദനം പറഞ്ഞു.